തിരുവനന്തപുരം: 1958ലെ ആദ്യ സംസ്ഥാന സ്കൂൾ കലോത്സവം. മലയാളമുള്ള കാലത്തോളം നിലനിൽക്കുന്ന രണ്ട് ശബ്ദങ്ങളാണ് അന്ന് ജനിച്ചത്. ഒന്ന് കെ ജെ യേശുദാസിന്റെയും രണ്ട് പി ജയചന്ദ്രന്റെയും. യേശുദാസിന്റെ പാട്ടിന് ജയചന്ദ്രൻ മൃദംഗം വായിച്ച അപൂർവ വേദി കൂടിയായിരുന്നു അത്. ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും ഒന്നാം സമ്മാനം കെ ജെ യേശുദാസിന്. ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും മൃദംഗത്തിൽ ഒന്നാം സ്ഥാനവും പി ജയചന്ദ്രന്.
പള്ളുരുത്തി ഹൈസ്കൂളിൽ നിന്ന് യേശുദാസും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ നിന്ന് ജയചന്ദ്രനും കലോത്സവ വേദിയിലെത്തി. അന്ന് മത്സരങ്ങൾ എല്ലാം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയവരുടെ പ്രകടനങ്ങൾ കലോത്സവ വേദിയിൽ നടന്നു. ഒന്നാം സമ്മാനം ലഭിച്ച ഇനങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നു സംഘാടകരുടെ ആശയം. ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിക്ക് മൃദംഗം വായിച്ചത് മൃദംഗത്തിലെ ഒന്നാം സ്ഥാനക്കാരൻ. പി ജയചന്ദ്രനും കെ ജെ യേശുദാസും ആ വേദിയിൽ ആദ്യമായി ഒന്നിച്ചു.
ലളിതഗാനത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർ രാജ്യത്തെ സംഗീത ആസ്വാദകരെ മത്സരിച്ച് ആനന്ദിപ്പിച്ചത് ചരിത്രം. സിനിമയിൽ പാടി തുടങ്ങുമ്പോഴേക്കും യേശുദാസിന്റെ അടുത്ത സുഹൃത്തായി ജയചന്ദ്രന്റെ ജ്യേഷ്ഠൻ സുധാകരൻ. യേശുദാസിന്റെ ഗാനമേളകളിൽ സ്ഥിര സാന്നിധ്യമായിരുന്നു സുധാകരൻ. അഗാധ നീലിമയിൽ അപാരശൂന്യതയിൽ എന്ന ഗാനം മികച്ച ഗായകനായ സുധാകരന് വേണ്ടി ഗാനമേളകളിൽ മാറ്റിവെച്ചിരുന്നു യേശുദാസ്.
ജയചന്ദ്രൻ ഗായകനാകാൻ നിമിത്തമായതും യേശുദാസ്. ചൊട്ട മുതൽ ചുടല വരെ എന്ന യേശുദാസ് ഗാനം ഗാനമേളയിൽ പാടുന്നത് കേട്ടാണ് ശോഭന പരമേശ്വരൻ നായരും എ വിൻസെന്റും ജയചന്ദ്രനെ പാടാൻ സിനിമയിലേക്ക് ക്ഷണിച്ചത്. പിന്നീട് യേശുദാസും ജയചന്ദ്രനും ഒരുമിച്ചു പാടിയത് എത്രയോ ഗാനങ്ങൾ.
ഉദിക്കുന്ന സൂര്യനെ ചതിക്കയ്യാൽ പിടിച്ചെന്ന്’. ‘കനകസിംഹാസനത്തിൽ’, ‘പാടാം പാടാം ആരോമൽ ചേകവർ തൻ’, ‘തുറുപ്പുഗുലാൻ ഇറക്കിവിടെൻ ചേട്ടാ’, ‘സമയരഥങ്ങളിൽ’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ. ട്രാക്ക് മിക്സിങ്ങും പഞ്ചിങ്ങും ഒന്നും നിലവിൽവന്നിട്ടില്ലാത്ത കാലത്ത് ഒരേ റെക്കോഡിങ് റൂമിൽ ഒരുമിച്ചുനിന്നു പാടി റെക്കോർഡ് ചെയ്ത പാട്ടുകൾ. യേശുദാസിന്റെ ജന്മദിനത്തിന്റെ തലേദിവസം ജയചന്ദ്രൻ പട്ടോർമയായതും ഏതോ നിമിത്തം. അത് സംഭവിച്ചത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണതിന്റെ പിറ്റേദിവസവും.
യേശുദാസും ജയചന്ദ്രനും ഒന്നിച്ചുപാടിയ സിനിമാ ഗാനങ്ങൾ
1. ഉദിക്കുന്ന സൂര്യനെ ചതിക്കയ്യാൽ പിടിച്ചെന്ന് (കുഞ്ഞാലിമരയ്ക്കാർ)
2. പാടാം ആടാം ആരോമൽ ചേകവർ തൻ (ആരോമലുണ്ണി)
3. ഇവിടമാണീശ്വര സന്നിധാനം (ബാബുമോൻ)
4. പൊന്നിൻ കട്ടയാണെന്നാലും (കണ്ണപ്പനുണ്ണി)
5. ഈ താരുണ്യപ്പൂവിന്ന് (ലാവ)
6. സമയരഥങ്ങളിൽ (ചിരിയോ ചിരി)
7. കനക സിംഹാസനത്തിൽ (കണ്ണപ്പനുണ്ണി)
8. തുറുപ്പുഗുലാൻ ഇറക്കിവിടെൻ (തുറുപ്പുഗുലാൻ)
9. പരിപ്പുവട തിരുപ്പൻ കെട്ടിയ (ദ്വന്ദ്വയുദ്ധം)
10. പോംപോം ഈ ജീപ്പിന് (നാണയം)
11. പാപപാപപ നിശാ മനോഹരി (പിൻനിലാവ്)
12. കനകസ്വപ്നങ്ങൾ (മനുഷ്യബന്ധങ്ങൾ)
13. ദൈവം ഭൂമിയിൽ (കുടുംബം നമുക്ക് ശ്രീകോവിൽ)
14. ഹരിഓം ഭക്ഷണദായകനെ (ആനയും അമ്പാരിയും)
15. ജനനന്മയ്ക്കായ് (ശ്രീകൃഷ്ണപ്പരുന്ത്)
16. അമ്പിളി മണവാട്ടി (ഈനാട്)
17. ജോൺ ജാഫർ ജനാർദനൻ (ജോൺ ജാഫർ ജനാർദനൻ)
18. വിടർന്നു തൊഴുകൈ (ജോൺ ജാഫർ ജനാർദനൻ)
19. ദുഃഖത്തിൻ കയ്പില്ലാതെ (ഇന്നല്ലെങ്കിൽ നാളെ)
20. ഗോമേദകം (ഹിമം)
21. കൃഷ്ണാ നീവരുമോ (കുയിലിനെത്തേടി)
22. സ്വര്‍ലോക നായകൻ (സൗഹൃദം)
23. വട്ടച്ചെലവിന് (ചക്രം)
24. സർപ്പസന്തതിമാരേ (രതിമന്മഥൻ)
25. അന്തിയിളം (മാണി കോയ കുറുപ്പ്)
26. വിപ്ലവം ജയിക്കട്ടെ (പണിമുടക്ക്)
27. മൊഞ്ചുള്ള മഞ്ചാടി (രാരിച്ചന്റെ രാജയോഗം)
28. താഴംപൂവിന്റെ (പട്ടാളം ജാനകി)
29. ചാവി പുതിയ ചാവി (സംരംഭം)
30. വീണപാടുമീണമായി (വാർധക്യപുരാണം)
31. യാമം ലഹരിതൻ (ജീവിതം)
32. ദൂരെ സാഗരം (അലകടലിനക്കരെ)
33. ഹൃദയം ഒരു വല്ലകി (പടയണി)
34. ആരറിവും (സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്)