Monday, March 31, 2025

HomeCinemaവിശ്വോത്തര ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് നാല് ദിവസം തിരുവനന്തപുരത്ത്

വിശ്വോത്തര ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് നാല് ദിവസം തിരുവനന്തപുരത്ത്

spot_img
spot_img

തിരുവനന്തപുരം: പെര്‍ഫെക്റ്റ് ഡേയ്‌സ് (Perfect Days), ബ്യൂണ വിസ്റ്റ സോഷ്യല്‍ ക്ലബ് (Buena Vista Social Club) തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ ലോകപ്രസിദ്ധനായ ഐതിഹാസിക ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് (Wim Wenders) ഫ്രെബുവരി 9 മുതല്‍ 12 വരെ തിരുവനന്തപുരം സന്ദര്‍ശിക്കും. ഗഥേ (Goethe) ഇന്‍സ്റ്റിറ്റ്യൂട്ട് – മാക്‌സ് മുള്ളര്‍ ഭവന്‍, കെഎസ്എഫ്ഡിസി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ രാജ്യത്തെ ഏഴു നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന കിംഗ് ഓഫ് ദി റോഡ് ഇന്ത്യാ ടൂറിന്റെ ഭാഗമായാണ് വെന്‍ഡേഴ്‌സ് എത്തുന്നതെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു.

ടൂറിന്റെ ഭാഗമായി ഫെബ്രുവരി 10, 11 തീയതികളില്‍ ശ്രീയിലും നിളയിലുമായി വെന്‍ഡേഴ്‌സിന്റെ 18 ചലച്ചിത്രങ്ങളുടെ സൗജന്യ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മാസ്റ്റര്‍ക്ലാസുകളും അരങ്ങേറും. പാം ഡി ഓര്‍, ബാഫ്താ അവാര്‍ഡുകള്‍ നേടിയിട്ടുള്ള വെന്‍ഡേഴ്‌സ് നിരവധി തവണ ഓസ്‌കറിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ്. ആദ്യമായാണ് വെന്‍ഡേഴ്‌സ് ഇന്ത്യയിലെത്തുന്നത്.

1970കളില്‍ തുടക്കമായ ജര്‍മന്‍ നവസിനിമയുടെ അഗ്രഗാമികളിലൊരാളാണ് വിം വെന്‍ഡേഴ്‌സ്. അദ്ദേഹത്തിന്റെ പാരീസ്, ടെക്‌സാസ് (1984), വിംഗ്‌സ് ഓഫ് ഡിസയര്‍ (1987) തുടങ്ങിയ മാസ്റ്റര്‍പീസുകളും പിന, ബ്യൂന വിസ്റ്റ സോഷ്യല്‍ ക്ലബ്, ദി സാള്‍ട്ട് ഓഫ് ദി എര്‍ത്ത് എന്നീ ഡോക്യുമെന്ററികളും ആഗോള ചലച്ചിത്ര പാരമ്പര്യത്തിലെ അക്ഷയഖനികളാണ്. അന്‍സ്ലെം കീഫര്‍ എന്ന കലാകാരനെപ്പറ്റി അദ്ദേഹം സംവിധാനം ചെയ്ത അന്‍സ്ലെം എന്ന 3D ഡോക്യുമെന്ററിയും അദ്ദേഹമെടുത്ത ജാപ്പനീസ് ഫീച്ചര്‍ ഫിലിമായ പെര്‍ഫെക്ട് ഡേയ്‌സുമാണ് അദ്ദേഹത്തിന്റെ മറ്റ് വിശ്രുത സൃഷ്ടികള്‍. ഈ ചിത്രങ്ങൾ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments