11 വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തി പുതുവർഷത്തിലെ ആദ്യ ബോളിവുഡ് ഹിറ്റായി മാറിയിരിക്കുകയാണ് രൺബീർ കപൂറും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തിയ ചിത്രം ‘യേ ജവാനി ഹേ ദീവാനി’. ജനുവരി 3 ന് തിയേറ്ററുകളിലെത്തിയ ചിത്രംറീ റിലീസ് ചെയ്തു ആഴ്ചകൾ കഴിയുമ്പോൾ 25 കോടി തിളക്കത്തിലാണ്. ഇന്ത്യയിലൊട്ടാകെയുള്ള പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ആണ് യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തിരിക്കുന്നത്.അയൻ മുഖർജി സംവിധാനം ചെയ്ത യേ ജവാനി ഹേ ദീവാനിയിൽ രൺബീർ കപൂറിനൊപ്പം ആദിത്യ റോയ് കപൂർ, ദീപിക പദുകോൺ, കൽക്കി കോച്ച്‌ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
ആദ്യ ദിനം 1.15 കോടി നേടിയ ചിത്രം തുടർന്ന് മികച്ച വരവേൽപ്പ് ലഭിച്ചതോടെ കൂടുതൽ സ്‌ക്രീനുകളിലേക്ക് റിലീസ് ചെയ്തിരുന്നു. ആദ്യ വാരം 12.95 കോടിയാണ് ചിത്രം നേടിയത്. 5.45 കോടിയാണ് രണ്ടാമത്തെ ആഴ്ചയിലെ സിനിമയുടെ കളക്ഷൻ. ഇന്ത്യയിൽ നിന്ന് 20 കോടിയാണ് ചിത്രം ഇതുവരെ റീ റിലീസിൽ നേടിയത്. ഇന്ത്യയ്ക്ക് പുറത്തും സിനിമ റീ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് അവിടെ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. യുകെയിൽ നിന്ന് 50 ലക്ഷമാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 25 കോടി ആയി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിലും സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. കൊച്ചിയിലെ പിവിആർ സ്‌ക്രീനുകളിൽ പ്രേക്ഷകർ സിനിമയിലെ പാട്ടിനൊത്ത് ചുവടുവെക്കുന്നതിന്‍റെയും ആഘോഷിക്കുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിയേറ്ററിനുള്ളിലെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമയ്ക്ക് പിൽകാലത്ത് ഒരു കൾട്ട് ഫോളോയിങ് ഉണ്ടാകുകയും ചെയ്‌തു. സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. വി. മണികണ്ഠൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് അകിവ് അലി ആണ്. പ്രീതം ആണ് സിനിമയ്ക്ക് സംഗീതം നല്‍കിയത്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് സിനിമ നിർമിച്ചത്.