മുംബൈ: മുഖം നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതു മൂലം ഒരുപാട് ബോളിവുഡ് സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി നടി സ്വര ഭാസ്‌കര്‍. 2022ല്‍ പുറത്തിറങ്ങിയ ജഹാന്‍ ചാര്‍ യാര്‍ എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. തന്റെ രാഷ്ട്രീയ നിലപാടുകളാണ് കരിയറില്‍ തിരിച്ചടിയായി മാറിയതെന്നും നടി പറയുന്നു. അതുമൂലം ബോളിവുഡില്‍ തന്നെ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്നും ബി.ബി.സി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.
”രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നതാണ് പ്രധാന പ്രശ്‌നം. എന്റെ രാഷ്ട്രീയ നിലപാട് കാരണം ബോളിവുഡില്‍ കരിമ്പട്ടികയില്‍ പെടുത്തി. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ എനിക്കതില്‍ ദുഃഖമൊന്നും തോന്നുന്നില്ല. ഞാന്‍ തെരഞ്ഞെടുത്തത് വ്യത്യസ്ത വഴിയായതിനാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അറിയാമായിരുന്നു.”-സ്വര ഭാസ്‌കര്‍ തുടര്‍ന്നു.
എന്നാല്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യം വളരെ വേദനയുണ്ടാക്കുന്ന ഒന്നായിരുന്നുവെന്നും അവര്‍ സമ്മതിച്ചു. കാരണം സിനിമയെ അത്രയധികം സ്‌നേഹിച്ചിരുന്നു. ഇപ്പോഴും ആ സ്‌നേഹമുണ്ട്. കഴിവുള്ള അഭിനേതാവാണ് ഞാനെന്ന് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും തുടരാന്‍ ആഗ്രഹിക്കുന്നതും.-നടി പറഞ്ഞു.
തിരസ്‌കരണത്തില്‍ ബോളിവുഡിനെ കുറ്റപ്പെടുത്താനും ഒരുക്കമല്ലെന്നും സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. മാറ്റിനിര്‍ത്തിയതിന് ബോളിവുഡിനെയോ സംവിധായകരെയോ നിര്‍മാതാക്കളെയോ കുറ്റപ്പെടുത്താനില്ല. അവരല്ല ഒന്നും തീരുമാനിക്കുന്നത്. നമ്മുടെ രാജ്യം ഭരിക്കുന്ന ശക്തികളാണ്. അവര്‍ക്കെതിരെ പറയുന്നവര്‍ക്കുള്ള ശിക്ഷയാണ് നടപ്പാക്കുന്നത്. എതിര്‍ക്കുന്നവരെ ആ ശക്തികള്‍ ക്രിമിനലുകളാക്കുന്നു. ദേശവിരുദ്ധരാക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുള്ളവരാണെന്ന് വരുത്തിത്തീര്‍ക്കുന്നു. ഇതിനെല്ലാം പുറമെ, ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഞാന്‍ മാത്രമല്ല, ഒരുപാട് പേരുണ്ട്. എന്റെ നിരവധി സുഹൃത്തുക്കള്‍ ജയിലില്‍ കഴിയുന്നുണ്ട്. എന്നെ പോലെ നിലപാടുകള്‍ തുറന്ന് പ്രകടിപ്പിക്കുന്ന മറ്റ് താരങ്ങളെയും അവര്‍ പലതരത്തില്‍ വേട്ടയാടുന്നുണ്ട്.-സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.