ആഷിഖ് അബു സംവിധാനം ചെയ്ത ‘റൈഫിൾ ക്ലബ്ബ്’ തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും ശ്രദ്ധനേടി മുന്നേറുന്നു. ജനുവരി 16ന് ഓൺലൈൻ പ്ലാറ്റ്‍ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലടക്കം ചിത്രം ടോപ് 10 ലിസ്റ്റിൽ തുടരുകയാണ് എന്ന് അണിയറപ്രവർത്തകർ പുറത്തുവിടുന്നു.
കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ. നെറ്റ്ഫ്ലിക്സ് ടോപ് 10 ലിസ്റ്റിൽ ഇടം നേടിയിരിക്കുന്ന രണ്ട് ഇംഗ്ലീഷ് ഇതര സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ് ‘റൈഫിള്‍ ക്ലബ്ബ്’. നെറ്റ്‍ഫ്ലിക്സ് ഇന്ത്യ ലിസ്റ്റിൽ ഏറ്റവും കൂടുതൽ പേർ ഈയാഴ്ച കണ്ട സിനിമകളിൽ രണ്ടാം സ്ഥാനത്താണ് ചിത്രം. സ്ട്രീമിംഗ് തുടങ്ങി മൂന്നുദിവസങ്ങൾ കൊണ്ട് വൺ മില്യൺ കാഴ്ചക്കാരെ നേടിയ ചിത്രം 1.9 മില്യൺ വാച്ച് അവറും സ്വന്തമാക്കിയിട്ടുണ്ട്. ‘ബ്ലാക്ക് വാറന്‍റ് ‘സീരീസാണ് നെറ്റ്‍ഫ്ലിക്സ് ടോപ് 10 ലിസ്റ്റിൽ റൈഫിൾ ക്ലബ്ബിനൊപ്പം ഇന്ത്യയിൽ നിന്നും ഇടംപിടിച്ചിരിക്കുന്നത്.
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച ‘റൈഫിൾ ക്ലബ്ബ്’ ഒടിടിയിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടേയും യുവ ജനങ്ങളുടേയും പ്രായഭേദമെന്യേ ഏവരുടേയും പിന്തുണയോടെ തിയേറ്ററുകളിൽ നാലാഴ്ചയിലേറെ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ കഥയുമായെത്തിയ ‘റൈഫിൾ ക്ലബ്ബി’ന് പ്രേക്ഷകരേകിയത് ഗംഭീര വരവേൽപ്പാണ്. ആഷിഖ് അബുവിന്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായി ഈ മാറിക്കഴിഞ്ഞു ‘റൈഫിൾ ക്ലബ്’.
സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്‍റിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റൈഫിൾ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനിൽപ്പിന്‍റേയുമൊക്കെ കഥ പറയുന്ന സിനിമയിൽ സൗഹൃദം, സാഹോദര്യം തുടങ്ങിയ വിഷയങ്ങൾ പ്രേക്ഷകർക്കും ആത്മാവിൽ തൊടും വിധത്തിൽ അനുഭവവേദ്യമാവുന്ന രീതിയിലാണ് മേക്കിങ്. ഒരുപറ്റം അഭിനേതാക്കളുടെ മികവാർന്ന പ്രകടനമാണ് സിനിമയുടെ പ്ലസ്. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദർശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കൾ.
വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ, കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായൊരു സ്പേസ് നൽകിയിട്ടുണ്ട് തിരക്കഥ ഒരുക്കിയിരിക്കുന്ന ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവരുടെ കൂട്ടുകെട്ട്. റെട്രോ സ്റ്റൈൽ രീതിയിലാണ് ആഷിഖ് അബു റൈഫിൾ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്‍റെ സിനിമോട്ടോഗ്രാഫി. റെക്സ് വിജയന്‍റെ മ്യൂസിക്കും വി സാജന്‍റെ എഡിറ്റിംഗും സിനിമയുടെ ഹൈലൈറ്റാണ്.
ഒ.പി.എം. സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.