മോഷണശ്രമം തടുക്കുന്നതിനിടെ മോഷ്‌ടാവിന്റെ കുത്തേൽക്കുകയും, പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുകയും ചെയ്ത നടൻ സെയ്ഫ് അലി ഖാന്റെ (Seif Ali Khan) വിവരം വാർത്താ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വഴി ലോകമറിഞ്ഞു കഴിഞ്ഞു. ആരോഗ്യവാനായ സെയ്ഫ് വീട്ടിലേക്ക് മടങ്ങിയ ദൃശ്യങ്ങളും വൈറലായിരുന്നു. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ നടന്ന സംഭവത്തിന് ശേഷം, സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചത്.
വീട്ടിൽ കാറുകൾ ഉണ്ടായിരുന്നുവെങ്കിലും, കാർ ഓടിക്കാൻ ഡ്രൈവർ ഇല്ലാതെവന്നതോടെയാണ് ഓട്ടോ ഡ്രൈവറുടെ സഹായം തേടി ഓട്ടോറിക്ഷയിൽ സെയ്ഫ് അലി ഖാൻ ആശുപത്രിയിലേക്ക് പോയത്. സെയ്‌ഫിനെ കൊണ്ടുപോയത് മൂത്തമകൻ ഇബ്രാഹിം അലി ഖാനെന്നും, രണ്ടാമത്തെ മകനായ തൈമൂർ അലി ഖാൻ എന്നും വൈരുധ്യം നിറഞ്ഞ റിപ്പോർട്ടുകളുണ്ട്. രണ്ട് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയ സെയ്‌ഫിനു നട്ടെല്ലിന് സമീപം കുത്തേറ്റുവെന്നായിരുന്നു വിവരം. അതിലൊരെണ്ണം പ്ലാസ്റ്റിക് സർജറി ആയിരുന്നു എന്നും റിപോർട്ടുണ്ട്
ഭജൻ സിംഗ് റാണാ എന്ന ഓട്ടോഡ്രൈവറാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചത്. ഒരു വലിയ തുക ആശുപത്രിയിൽ ചിലവായെന്നും, ഈ തുക ഇൻഷുറൻസ് വഴിയാണ് സെയ്ഫ് അലി ഖാൻ അടച്ചു തീർത്തതെന്നും റിപ്പോർട്ടുണ്ടായി. ആശുപത്രി വിടും മുൻപേ സെയ്ഫ് ആ രാത്രിയിൽ തന്നെയും കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു. സെയ്‌ഫിനെ ആശുപത്രിയിൽ എത്തിക്കാൻ റാണാ ഒരു രൂപ പോലും പ്രതിഫലം പറ്റിയില്ല എന്നും റിപോർട്ടുകൾ പരാമർശിച്ചു
വളരെ വേഗം തന്നെ ആശുപത്രിയിൽ എത്തിച്ചതിന് സെയ്ഫ് റാണയോടു നന്ദി പ്രകാശിപ്പിച്ചു. എന്നെ കൃത്യസമയത്തു തന്നെ ആശുപത്രിയിൽ എത്തിച്ചതിന് നന്ദി എന്നദ്ദേഹം എന്നോട് പറഞ്ഞു എന്ന് റാണ. സെയ്‌ഫിനെ ആശുപത്രിയിൽ കൊണ്ടുപോയതിന്റെ പേരിൽ റാണ ദേശീയ മാധ്യമങ്ങളിൽ വരെ നിറഞ്ഞു നിന്നിരുന്നു. റാണയെ ഒരു പൊതുപ്രവർത്തകൻ പതിനായിരം രൂപ പാരിതോഷികം നൽകി ആദരിച്ചിരുന്നു. എന്നാലിപ്പോൾ, ഒരു രൂപ പോലും പ്രതിഫലം പറ്റാതെ തന്നെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർക്ക് സെയ്ഫ് നൽകിയ പാരിതോഷികം എത്രയെന്നും റിപ്പോർട്ട് വന്നു
സെയ്ഫ് പണം തന്നോ എന്ന ചോദ്യത്തിനു മറുപടി കൊടുത്തത് റാണയാണ്. ‘അത് അദ്ദേഹത്തിന് മാത്രം അറിയാവുന്ന കാര്യമാണ്. ഞാൻ പണത്തെക്കുറിച്ച് ആലോചിക്കുന്നില്ല. ഞാൻ ആവശ്യമേതും ഉന്നയിച്ചതുമില്ല. അതേപ്പറ്റി പറയാൻ ഞാൻ ആളല്ല. അദ്ദേഹം എന്ത് തന്നോ, അത് ഞാൻ സന്തോഷത്തോടു കൂടി സ്വീകരിച്ചു’ എന്ന് റാണ. എന്നാൽ ഒരു ഉറവിടത്തെ ഉദ്ധരിച്ച്, ആ തുക എത്രയെന്നു ഇ ടൈംസ് കണ്ടെത്തി.
കേവലം പത്തുമിനിട്ടിനകം സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് അൻപതിനായിരം രൂപ സെയ്ഫ് അലി ഖാൻ പാരിതോഷികം നൽകി. കഴുത്തു മുതൽ ശരീരത്തിന്റെ പുറംഭാഗം വരെ ചോര വാർന്നിരുന്ന സെയ്ഫ് ധരിച്ചിരുന്ന വെള്ള നിറത്തിലെ കുർത്ത ചുവപ്പായി മാറിയിരുന്നു എന്ന് ഓട്ടോ ഡ്രൈവർ ഓർക്കുന്നു