നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ ജീവിതം ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ജനുവരി 18നാണ് ആകാശ് കൈലാഷ് കനോജിയ എന്ന 31കാരനെ പ്രതിയെന്ന് സംശയിച്ച് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതോടെ തന്റെ ഉപജീവനമാര്‍ഗമായ ജോലി നഷ്ടപ്പെട്ടുവെന്നും വിവാഹം മുടങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു. കൊളാബയിലാണ് ആകാശ് താമസിക്കുന്നത്. ഛത്തീസ്ഗഡിലെ തന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുര്‍ഗ് സ്റ്റേഷനില്‍ വെച്ച് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ജ്ഞാനേശ്വര്‍ എക്‌സ്പ്രസില്‍ ബിലാസ്പൂരിലേക്ക് പോകുകയായിരുന്നു താനെന്ന് ഇദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സുഖമില്ലാത്ത തന്റെ മുത്തശ്ശിയെയും തന്റെ പ്രതിശ്രുതവധുവിനെയും കാണാനായാണ് മുംബൈയില്‍ നിന്ന് താന്‍ യാത്ര തിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ദുര്‍ഗ് സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് ആകാശ് കൂട്ടിച്ചേര്‍ത്തു.
സെയ്ഫ് അലിഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ ആക്രമിച്ച പ്രതിയാണ് ആകാശ് കൈലാഷ് കനോജിയ എന്ന് മുംബൈ പോലീസ് വിവരം നല്‍കിയതിന് പിന്നാലെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തന്റെ ചിത്രം ടിവിയിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചുവെന്ന് ആകാശ് പറഞ്ഞു. ഇതോടെയാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നും തന്റെ വിവാഹം മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
’’ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നെ പിടികൂടിയ ശേഷം എന്റെ ചിത്രങ്ങളടക്കമുള്ള വാര്‍ത്തകള്‍ പത്രമാധ്യമങ്ങള്‍ക്ക് നല്‍കി. ഇതുകണ്ടതോടെ വധുവിന്റെ വീട്ടുകാര്‍ എന്റെ വിവാഹാലോചന വേണ്ടെന്ന് വെച്ചു. കൂടാതെ എന്റെ ജോലിയും നഷ്ടപ്പെട്ടു,’’ കനോജിയയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ടൂര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കനോജിയ. ജനുവരി 17ന് മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ കനോജിയയെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ തിരക്കി. താന്‍ വീട്ടില്‍ തന്നെയുണ്ടെന്നാണ് കനോജിയ പോലീസുകാരോട് പറഞ്ഞത്. അത് പറഞ്ഞതും ഉദ്യോഗസ്ഥര്‍ ഫോണ്‍വെച്ചുവെന്നും കനോജിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
’’ തൊട്ടടുത്ത ദിവസം സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശിയെ കാണാനായി ഞാന്‍ മുംബൈയില്‍ നിന്ന് ജ്ഞാനേശ്വര്‍ എക്‌സ്പ്രസില്‍ കയറി. ഛത്തീസ്ഗഢിലെ നെഹ്ലയിലാണ് മുത്തശ്ശി താമസിക്കുന്നത്. ബിലാസ്പൂരില്‍ ഇറങ്ങി നെഹ്ലയിലേക്ക് പോകുകയായിരുന്നു ഞാന്‍. കുടുംബത്തേയും പ്രതിശ്രുതവധുവിനെയും കാണാനായാണ് യാത്ര തിരിച്ചത്,’’ കനോജിയ പറഞ്ഞു.
ജനുവരി 18ന് പത്ത് മണിയോടെ ദുര്‍ഗ് സ്റ്റേഷനില്‍ ട്രെയിന്‍ എത്തി. അപ്പോഴാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കനോജിയയെ കസ്റ്റഡിയിലെടുത്ത് റായ്പൂരിലേക്ക് കൊണ്ടുപോയത്. ഏകദേശം 12 മണിക്കൂറിന് ശേഷം മുംബൈ പോലീസില്‍ നിന്നുള്ള ഒരുസംഘം റായ്പൂരിലെത്തി. തുടരന്വേഷണത്തിനായി ആകാശിനെ മുംബൈയിലേക്ക് കൊണ്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സെയ്ഫിനെ ആക്രമിച്ചത് താനല്ലെന്ന് ആകാശ് പറഞ്ഞു. അതൊന്നും പോലീസ് ചെവികൊണ്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
’’ സെയ്ഫിനെ ആക്രമിച്ച സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും വേണമെങ്കില്‍ തന്റെ ബന്ധുക്കളോട് സംസാരിച്ചുനോക്കൂവെന്നും പോലീസിനോട് ഞാന്‍ പറഞ്ഞു. എന്റെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുനോക്കുവെന്നും പറഞ്ഞു. എന്നാല്‍ അതൊന്നും പോലീസുകാര്‍ ചെവികൊണ്ടില്ല. പകരം പ്രതിയെന്ന രീതിയില്‍ എന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി,’’ കനോജിയ പറഞ്ഞു.
അതേദിവസം തന്നെയാണ് സെയ്ഫിനെ ആക്രമിച്ച യഥാര്‍ത്ഥ പ്രതിയായ ഷരീഫുല്‍ ഇസ്ലാം ഷെഹ്‌സാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 19ന് കനോജിയയെ പോലീസ് വെറുതെ വിടുകയും ചെയ്തു.
’’ കസ്റ്റഡിയില്‍ നിന്ന് മോചിതനായശേഷം ഞാന്‍ എന്റെ അമ്മയോട് സംസാരിച്ചു. അമ്മ വളരെ ആശങ്കയിലായിരുന്നു. മാധ്യമങ്ങളില്‍ എന്റെ ചിത്രം വന്നുവെന്ന് അമ്മ പറഞ്ഞു. എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരാനും അമ്മ പറഞ്ഞു. തൊട്ടടുത്ത ദിവസം ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ഉടമയെ വിളിച്ചു. എന്നാല്‍ ഇനി ജോലിയ്ക്ക് വരണ്ട എന്ന് അദ്ദേഹം പറഞ്ഞു,’’ കനോജിയ പറഞ്ഞു.
പിന്നീട് താനുമായി വിവാഹമുറപ്പിച്ചുവെച്ചിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് ആകാശ് പറഞ്ഞു. തന്റെ മുത്തശ്ശിയാണ് ഇക്കാര്യം വിളിച്ചുപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ വിവാഹം കഴിക്കാനാകുമോ എന്നകാര്യവും സംശയമാണെന്നാണ് കനോജിയ പറയുന്നത്.
’’ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ സഹോദരന്‍ മരിച്ചത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയിരുന്നു. അച്ഛന് കൊളാബയില്‍ ഒരു ഗാരേജുണ്ടായിരുന്നു.എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണം അതിപ്പോള്‍ അടച്ചൂപൂട്ടിയ അവസ്ഥയിലാണ്,’’ കനോജിയ പറഞ്ഞു.
പ്രതിയെന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ വ്യാപിച്ച തന്റെ ചിത്രങ്ങളെല്ലാം നീക്കം ചെയ്യണമെന്നാണ് ആകാശിന്റെ ആവശ്യം. ഇതിനായി ഒരു അഭിഭാഷകനെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.‘‘സെയ്ഫിന്റെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ പ്രതിയ്ക്ക് മീശയില്ലായിരുന്നു. എനിക്ക് മീശയുണ്ട്. അതുപോലും പോലീസ് ശ്രദ്ധിച്ചില്ല,’’ കനോജിയ പറഞ്ഞു.