താരങ്ങൾക്ക് വയസ്സായി കഴിഞ്ഞാൽ ഒരുമിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ശ്രമം. ഇത്തരം ഒരു ആശയം മോഹൻലാലിന്റേതാണെന്ന് അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവൻ രക്ഷാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നടൻ ബാബു രാജ് പറഞ്ഞു. സംഘടനയിലെ 82 അംഗങ്ങൾക്ക് സ്ഥിരമായി ജീവൻ രക്ഷാ- ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നു വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി.
‘നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു’ എന്നായിരുന്നു ബാബുരാജിന്റെ വാക്കുകൾ.
ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ സംസാരിക്കുന്നതാണെന്നും സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ചടങ്ങിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞു.
ഞായറാഴ്ച അമ്മയുടെ റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷം നടന്ന ചടങ്ങിൽ മമ്മൂട്ടി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മഞ്ജു വാര്യർ, ശ്രീനിവാസൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.