ഞെട്ടിക്കുന്ന മേക്കോവറുമായി പൃഥ്വിരാജ് എത്തുന്ന ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയ്ക്കായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. വിഷുറിലീസായി ഏപ്രിൽ 11ന് എത്തുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് നേരത്തെയാക്കിയിരിക്കുകയാണ്.ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം മാർച്ച് 28ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.‘വായനയുടെ 16 വർഷങ്ങൾ, ദൃശ്യഭാഷയ്ക്ക് 10 വർഷങ്ങൾ, ആറുവർഷം നീണ്ട ചിത്രീകരണം’ എന്ന പോസ്റ്ററിൽ കാത്തിരിപ്പിന് നീളം കുറയുന്നു.. മാർച്ച് 28ന് ലോകമെമ്പാടും തിയേറ്ററുകളിൽ എന്നാണ് അറിയിച്ചിട്ടുള്ളത്. പോസ്റ്റർ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും പങ്കുവെച്ചിട്ടുണ്ട്

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2017ല്‍ ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് 2023ലാണ് അവസാനിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയിലറും അതിനു പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ വലിയതോതിൽ ചർച്ചയായിരുന്നു. തെലുങ്ക് സൂപ്പര്‍താരം പ്രഭാസായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, സുനില്‍ കെ എസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.