ചൈനീസ് അനിമേഷന്‍ ചിത്രം നെസ 2 (Ne Zha 2) ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരൊറ്റ വിപണിയില്‍ നിന്ന് 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 1000 കോടി രൂപ) നേടുന്ന ആദ്യ ചിത്രമായി നെസ 2 മാറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹോളിവുഡ് ഇതര ചിത്രം കൂടിയാണ് നെസ 2 എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് പുതുവത്സരദിനമായ ജനുവരി 29നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വളരെ പെട്ടെന്ന് തന്നെ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായും ഏറ്റവും കുടുതല്‍ കളക്ഷന്‍ നേടുന്ന ഇംഗ്ലീഷ് ഇതര ചിത്രമായും നെസ 2 മാറി.
ഫെബ്രുവരി 9 ആയപ്പോഴേക്കും ചിത്രം 8 ബില്യണ്‍ യുവാന്‍ (1.1 ബില്യണ്‍ യുഎസ് ഡോളര്‍) നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ നെസയുടെ രണ്ടാം ഭാഗമാണ് നെസ 2. 16-ാം നൂറ്റാണ്ടില്‍ സൂ സോങ്‌ലിന്‍ എഴുതിയ ‘Investiture of the Gods’ എന്ന നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണിത്. പുരാണ കഥാപാത്രമായ നെസയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.
ചൈനീസ് പുരാവൃത്തങ്ങളും ആധുനിക കഥപറച്ചില്‍ രീതിയും സമന്വയിക്കുന്ന ചിത്രം കൂടിയാണ് നെസ 2. ഈ ആഖ്യാനരീതി വിവിധ മേഖലകളിലെ പ്രേക്ഷകരെ സിനിമയോട് അടുപ്പിക്കുന്നു. നെസ 2ന്റെ വിജയം ചൈനയിലെ ചലച്ചിത്ര വിപണിയുടെ വളര്‍ച്ചയും ഉയര്‍ത്തിക്കാട്ടുന്നു. ആഭ്യന്തര ചലച്ചിത്ര വ്യവസായത്തിനും ചിത്രത്തിന്റെ വിജയം ഉണര്‍വേകുന്നു. കളക്ഷന്റെ കാര്യത്തില്‍ ഹോളിവുഡ് ചിത്രങ്ങളെ മറികടന്ന ചിത്രം ചൈനീസ് സിനിമകള്‍ക്ക് പുതിയ മാനദണ്ഡം സ്ഥാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ ചിത്രം കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.