തിരുവനന്തപുരം: മെഡിക്കൽ ബയോകെമിസ്ട്രി ശാസ്ത്രജ്‌ഞനും 1985 ലെ നൊബേൽ സമ്മാന ജൂറി അംഗവുമായിരുന്ന ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ.മാധവ ഭട്ടതിരി (98) അന്തരിച്ചു. തിരുവനന്തപുരം പൈപ്പിൻമൂട്ടിലെ സ്വാതി ലെയ്നി ലെ വസതിയിൽ ഇന്നലെ വൈകിട്ട് 7.30നായിരുന്നു അന്ത്യം. ഇന്ന് 3 വരെ വീട്ടിൽ പൊതുദർശനം. 4ന് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
രാജ്യാന്തര തലത്തിൽ ഒട്ടേറെ മെഡിക്കൽ സർവകലാശാലകളിൽ ഗവേഷകനായും അധ്യാപകനായും വകുപ്പു മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ നൊബേൽ സമ്മാനാർഹരെ നിശ്ചയിക്കാനുള്ള സമിതിയിൽ അംഗമായിരുന്ന ഏക മലയാളിയാണ് ഡോ. മാ ധവ ഭട്ടതിരി. അമേരിക്ക, കാനഡ, ബ്രിട്ടൻ, മലേഷ്യ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിൽ മെഡിക്കൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി യുകെയിലെ മെഡിക്കൽ ഉന്നതപഠനത്തിവനുള്ള യൂണിവേഴ്സിറ്റി കൗൺസിൽ നിയോഗിച്ച മാധവ ഭട്ടതിരിയെ ആയിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസ് നമ്പൂതിരിപ്പാട്, നിയമ മന്ത്രിയായിരിക്കെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, എ കെ ഗോപാലൻ തുടങ്ങി പല ഭരണാധികാരികളും തങ്ങളുടെ ശാസ്ത്ര വിഷയങ്ങളിലുള്ള സംശയനിവാരണത്തിനായി ഭട്ടതിരിയെയാണ് ബന്ധപ്പെട്ടിരുന്നത്. 1927 ഒക്ടോബർ 22നായിരുന്നു ഡോ. മാധവ ഭട്ടതിരിയുടെ ജനനം. ഗവേഷണ വിഷയം: ഇൻവെസ്റ്റിഗേഷൻ ഇൻ എക്സ്പിരിമെൻ്റൽ അലോക്സാൻ ഡയബറ്റിസ്, ഉന്നത ഗവേഷണം: ടെക്സാസ് യൂണിവേഴ്സിറ്റി, കാനഡ, മലേഷ്യ, ബ്രിട്ടൻ, എത്യോപ്യ, നൈജീരിയ. ഭാര്യ: മാലതി ഭട്ടതിരി; മക്കൾ: മാധുരി, ഡോ.മാലിനി, ഡോ.മനു; മരുമക്കൾ: ദാമോദരൻ നമ്പൂതിരി, ശ്രീകാന്ത്, നീന.