ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് സംവിധായികയാകുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ‘ഗുഡ്‌ബൈ ജൂണി’ലൂടെയാണ് കേറ്റ് സംവിധാനത്തിലേക്ക് കടക്കുന്നത്. സംവിധാനം, അഭിനയം എന്നിവയ്ക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും കേറ്റ് പങ്കാളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടോണി കൊളറ്റ്, ജോണി ഫ്ലിന്‍, ആന്‍ഡ്രിയ റൈസ്ബറോ, തിമോത്തി സ്പാല്‍, ഹെലന്‍ മിറന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കേറ്റ് വിന്‍സ്ലെറ്റിന്റെയും മുന്‍ ഭര്‍ത്താവ് സാം മെന്‍ഡിസിന്റെയും മകനായ ജോ ആന്‍ഡേഴ്‌സാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കേറ്റ് സോളമന്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടി വരുന്ന ഒരുകൂട്ടം സഹോദരങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ യുകെയില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം തന്റയുള്ളില്‍ അടക്കിപ്പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് അവര്‍ ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംവിധാനത്തിലേക്ക് കടക്കുന്നതിനെപ്പറ്റി പലരും തന്നോട് ചോദിച്ചിരുന്നുവെന്നും കേറ്റ് പറഞ്ഞു. ആദ്യമൊക്കെ ആ മോഹം മാറ്റിവെച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഹോളിവുഡിലും ക്യാമറയ്ക്ക് പിന്നില്‍ ചുവടുറപ്പിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്ന് കേറ്റിന് തോന്നിത്തുടങ്ങി. അതിലൂടെ ഒരുപാട് പേര്‍ക്ക് പ്രചോദനം നല്‍കാന്‍ സാധിക്കുമെന്നും കേറ്റ് പറഞ്ഞു. എലിസബത്ത് ഡേയുടെ ഹൗ ടു ഫെയില്‍ എന്ന പോഡ് കാസ്റ്റിനിടെയായിരുന്നു കേറ്റിന്റെ പ്രതികരണം. ഇപ്പോള്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും സിനിമ നിര്‍മാണത്തിലെ സാങ്കേതികവശങ്ങളെപ്പറ്റി നന്നായി മനസിലാക്കിയെന്നും കേറ്റ് പറഞ്ഞു.
ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഹോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കേറ്റ് വിന്‍സ്ലെറ്റ്. 2009ല്‍ ‘ദി റീഡര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഓസ്‌കാര്‍ പുരസ്‌കാരവും കേറ്റിന് ലഭിച്ചു. ഈയടുത്ത് ‘The Regime’ എന്ന സീരിസിലെ പ്രകടനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലേക്ക് കേറ്റിന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. രണ്ടാംലോക മഹായുദ്ധക്കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫറായ ലീ മില്ലറുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ‘ലീ’ എന്ന ചിത്രത്തിലും കേറ്റ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു.