അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദര്‍ശിപ്പിച്ച പിവിആര്‍ സിനിമാസിന് പിഴ ചുമത്തി. ബംഗളുരു അര്‍ബണ്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിവിആര്‍ സിനിമാസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. അഭിഭാഷകനായ എംആര്‍ അഭിഷേക് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പിഴ തുക ഉപഭോക്തൃ ക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
എം ശോഭ അധ്യക്ഷയായ കമ്മീഷനാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. കെ അനിത ശിവകുമാര്‍, സുമ അനില്‍ കുമാര്‍ എന്നിവരും കമ്മീഷനില്‍ അംഗങ്ങളാണ്. അഭിഭാഷകനായ എംആര്‍ അഭിഷേക് സമര്‍പ്പിച്ച പരാതി ശരിവെച്ച കമ്മീഷന്‍ പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടിനും അസൗകര്യത്തിനും 20000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ചെലവുകള്‍ക്കായി 8000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചു.
2023 ഡിസംബര്‍ ആറിന് വിക്കി കൗശല്‍ നായകനായ സാം ബഹാദൂര്‍ ചിത്രം കാണാനായാണ് പരാതിക്കാരന്‍ ഓറിയോണ്‍ മാളിലെ പിവിആര്‍ സിനിമാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകിട്ട് 4.05 മണിയുടെ ഷോയ്ക്കാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തത്. 825.66 രൂപയുടെ മൂന്ന് ടിക്കറ്റാണ് എടുത്തത്. ഷെഡ്യൂള്‍ പ്രകാരം 6.30ന് ചിത്രം അവസാനിക്കേണ്ടതായിരുന്നു. അതിന് ശേഷം തിരികെ ജോലിയ്ക്ക് പോകാമെന്നും ഉദ്ദേശിച്ചാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. നാല് മണിയ്ക്ക് ഇദ്ദേഹം തിയേറ്ററിലെത്തി. എന്നാല്‍ 4.05 മുതല്‍ 4.28 വരെ തിയേറ്ററില്‍ പരസ്യം മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. ഏകദേശം അരമണിക്കൂറോളം പരസ്യം മാത്രം കാണേണ്ടി വന്നുവെന്നും ഇദ്ദേഹത്തിന്റെ പരാതിയില്‍ പറഞ്ഞു. സിനിമ കഴിഞ്ഞ് തിരികെ ജോലിയ്ക്ക് പോകാനും കഴിഞ്ഞില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.
നിരവധി പ്രേക്ഷകര്‍ക്ക് സമാനമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഈ വിഷയത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും കമ്മീഷന്‍ പിവിആര്‍ സിനിമാസിനും പിവിആര്‍ ഇനോക്‌സ് ലിമിറ്റഡിനും നിര്‍ദേശം നല്‍കി. ആളുകളുടെ സമയവും പണവും ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. മനസിന് വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ് ആളുകള്‍ സിനിമ കാണുന്നത്. അത് നിരാശയിലേക്ക് നയിക്കുന്ന അനുഭവമാക്കി മാറ്റരുതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി പിവിആര്‍ സിനിമാസും പിവിആര്‍ ഇനോക്‌സ് ലിമിറ്റഡും രംഗത്തെത്തി. പൊതുസേവന പ്രഖ്യാപനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ നിയമപരമായി ബാധ്യസ്ഥരാണെന്ന് പിവിആര്‍ സിനിമാസും പിവിആര്‍ ഇനോക്‌സ് ലിമിറ്റഡും പറഞ്ഞു. എന്നാല്‍ 17 പരസ്യങ്ങളില്‍ ഒന്ന് മാത്രമാണ് പൊതുസേവന പ്രഖ്യാപനങ്ങള്‍ എന്ന് കമ്മീഷന്‍ കണ്ടെത്തി. അതേസമയം മാര്‍ഗനിര്‍ദേശങ്ങളില്‍ ഇത്തരം ഉള്ളടക്കത്തിന് 10 മിനിറ്റ് മാത്രമെ അനുവദിക്കുന്നുള്ളു.