പമ്പ ഗണപതി കോവിലിൽനിന്ന് കെട്ട് നിറച്ചാണ് മോഹൻലാല്‍ മലകയറിയത്. സന്ധ്യയോടെ അയ്യപ്പദർശനം നടത്തിയ മോഹൻലാൽ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയശേഷമാകും മലയിറങ്ങുക. മോഹൻലാൽ പമ്പയിലെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിനിമപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പദർശനത്തിനായി എത്തിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു.
മാർച്ച് 27നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാൻ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തെ സംബന്ധിച്ച് ഒരു വമ്പൻ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. മലയാളത്തിൽ ഐമാക്‌സിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമായിരിക്കും എമ്പുരാൻ എന്ന അപ്‌ഡേറ്റാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.