ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച നിമിഷം തന്നെ സെർവറുകൾ ക്രഷ് ആക്കി ‘L2 എമ്പുരാൻ’ (L2 Empuraan). പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ചിത്രത്തിനായി വൻ പ്രേക്ഷക പങ്കാളിത്തം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ലഭിക്കാൻ പലയിടങ്ങളിലും ക്ഷാമം നേരിടുന്നതായും ആപ്പിൽ നിന്നുള്ള വിവരം സൂചിപ്പിക്കുന്നു. വെളുപ്പിന് ആറ് മണി മുതൽ ഫാൻസ് ഷോകൾ ആരംഭിക്കും. ആറ് മണിക്കും, ആറേകാലിനും, ആറര മണിക്കും വരെ ഷോസ് നൽകുന്ന തിയേറ്ററുകൾ ഉണ്ട്. മാർച്ച് 21 രാവിലെ ഒൻപതു മണിക്കാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. മാർച്ച് 27നാണ് റിലീസ്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ, 2025 മാർച്ച് 27 ന് റിലീസ് ചെയ്യും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുൾപ്പെടെയുള്ള താരനിര അണിനിരക്കും. സാനിയ അയ്യപ്പൻ, സായ്കുമാർ തുടങ്ങിയവർ അവരുടെ റോളുകളുമായി വീണ്ടും ഉണ്ടാവും. ലൂസിഫർ ട്രൈലജിയിലെ ഈ രണ്ടാം ഭാഗം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസും, ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ്.
കഴിഞ്ഞ വർഷം അവസാനം, മലമ്പുഴ റിസെർവോയറിൽ എമ്പുരാന്റെ അവസാന ഷോട്ടും പൂർത്തിയാക്കിയതിന്റെ വിവരം സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. യു.കെയും യു.എസ്.എയും യു.എ.ഇയും ഉൾപ്പെടെ നാല് രാജ്യങ്ങളിലും എട്ടു സംസ്ഥാനങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് എമ്പുരാൻ.
മലയാള സിനിമയിൽ ആദ്യമായി IMAX (ഐമാക്സ്) റിലീസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും എമ്പുരാനുണ്ട് . തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിൽ IMAX ഫോർമാറ്റിൽ ചിത്രം കാണാൻ സാധിക്കും. അബ്രാം ഖുറേഷിയും, പ്രിയദർശിനി രാംദാസും, ജതിൻ രാംദാസും കൂട്ടരും രണ്ടാം വരവിൽ എന്താകും ബാക്കിവച്ചേക്കുക എന്ന കാര്യത്തിൽ പ്രതീക്ഷയേക്കാളുപരി ആകാംക്ഷയാകും പ്രേക്ഷകരെ തിയേറ്ററിലേക്ക് നയിക്കുക.
മോഹൻലാൽ കഥാപാത്രമായ അബ്രാം ഖുറേഷി, പൃഥ്വിരാജിന്റെ സായിദ് മസൂദ് തുടങ്ങിയ വേഷങ്ങളുടെ കൂടുതൽ ആഴത്തിലെ ആവിഷ്കരണമാകും എമ്പുരാനിൽ കാണുക. ചിത്രത്തിലെ 36 കഥാപാത്രങ്ങളെ നീണ്ട 18 ദിവസങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള കഥാപാത്രങ്ങൾ സിനിമയുടെ ഭാഗമാണ്.