ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്ത് (Sushant Singh Rajput) ജീവനൊടുക്കിയത് തന്നെയെന്ന് ഉറപ്പിച്ച് സിബിഐ. അന്വേഷണസംഘം മുംബൈ പ്രത്യേക കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നടന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ കൂടുതല്‍ അന്വേഷത്തിന് ഉത്തരവിടണോയെന്ന് കോടതി തീരുമാനിക്കും. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിൽ ധോണിയായി ഏറെ ശ്രദ്ധ നേടിയ നടനാണ് സുശാന്ത്. 2020 ജൂണ്‍14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മുംബൈ പോലീസാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ നടൻ ജീവനൊടുക്കിയത് തന്നെ എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നിരുന്നു. എന്നാൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ച് സുശാന്തിന്റെ കുടുംബം രംഗത്തെത്തി. ഇതോടെ കേസ് അന്വേഷണം മറ്റ് ഏജൻസികളിലേക്ക് എത്തുകയായിരുന്നു. മുംബൈ പോലീസിന് ശേഷം ഇ.ഡി, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.