കൊച്ചി: നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും സിനിമയില്‍നിന്ന് വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികള്‍കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് വിലക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേര്‍ സിനിമയിലുണ്ട്. പലരെക്കുറിച്ചും പരാതികളില്ലാത്തതിനാലാണ് അവരുടെ പേരുകള്‍ ഇപ്പോള്‍ പറയാത്തത്. പണ്ട് ഒളിച്ചും പാത്തും പതുങ്ങിയുമൊക്കെയായിരുന്നു ഉപയോഗം. ഇപ്പോള്‍ പരസ്യമായാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്‍ ബോധമില്ലാതെ പലതും ചെയ്ത് കൂട്ടിയാല്‍ അതിന് ഉത്തരവാദിത്തം മുഴുവന്‍ സിനിമ സംഘടനകള്‍ക്കാണ്. പലരുടെയും പേരുകള്‍ സര്‍ക്കാറിന് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ആ പേരുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടത്തട്ടെ -നിര്‍മാതാവ് രഞ്ജിത് പറഞ്ഞു.
ഷെയിന്‍ നിഗം ഒരു സിനിമ പകുതി എത്തിക്കഴിയുമ്പോള്‍ കൂടുതല്‍ പ്രാധാന്യം വേണമെന്നും എഡിറ്റ് ചെയ്ത് കാണണമെന്നും അതല്ലെങ്കില്‍ അഭിനയിക്കില്ലെന്നും വ്യക്തമാക്കി മെയില്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. ഇത് ഒരു സംഘടനക്കും സഹിക്കാന്‍ പറ്റാത്തതാണ്. ശ്രീനാഥ് ഭാസി ഏതെല്ലാം പടത്തിലാണ് അഭിനയിക്കുന്നത്, ആര്‍ക്കൊക്കെയാണ് ഒപ്പിട്ട് കൊടുത്തത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല -അദ്ദേഹം പറഞ്ഞു.