ആരാധകരെ ആവേശത്തിലാഴ്ത്തി അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ‘പുഷ്പ 2 ദി റൂള്‍’ ടീസര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പുഷ്പരാജ് എന്ന രക്തചന്ദന വേട്ടക്കാരന്‍റെ റോളില്‍ അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ജാത്ര ആഘോഷത്തിനിടെ ദേവി വേഷം കെട്ടി എതിരാളികളെ നിലംപരിശാക്കുന്ന അല്ലു അര്‍ജുനെയാണ് ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദേവിശ്രീ പ്രസാദിന്‍റെ പശ്ചാത്തല സംഗീതവും താരത്തിന്‍റെ സ്വാഗും ഒത്തുചേര്‍ന്നതോടെ തെന്നിന്ത്യന്‍ ബോക്സ് ഓഫീസുകളെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്ന ഒന്നൊന്നര ഐറ്റമായിരിക്കും വരാനിരിക്കുന്നതെന്ന് ഉറപ്പായി കഴിഞ്ഞു.
2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക. പുഷ്പ ഒന്നാം ഭാഗത്തിലെ പ്രകടനത്തിന് അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 2021ല്‍ റിലീസായ ചിത്രം ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ അടക്കം തകര്‍ക്കുന്ന ഉജ്വല വിജയമാണ് നേടിയത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന നിലയിലാണ് പുഷ്പയെ സിനിമപ്രേമികള്‍ സ്വീകരിച്ചത്.
മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. അല്ലു അര്‍ജുന് പുറമെ, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഭന്‍വര്‍ സിങ് ശെഖാവത്ത് എന്ന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് . ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്‌ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്.