വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം – ഗോട്ട് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. കേരളത്തിലെയും തമിഴ്നാട്ടിലെയും ചിത്രീകരണത്തിന് ശേഷം റഷ്യയിൽ സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ച് കഴിഞ്ഞു.വിജയ് ഇരട്ടവേഷത്തിലെത്തുന്ന ഗോട്ട് എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന 25-ാം ചിത്രമാണ്.
എജിഎസ് ഉടമ അര്‍ച്ചന കൽപ്പാത്തി പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിജയ് ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ആരാധകരുടെ ആകാംക്ഷ അവസാനിച്ചു. 2024 സെപ്റ്റംബർ 5ന് ഗോട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സിനിമയിലെ വിജയ്‌യുടെ ലുക്ക് പുറത്തുവിട്ട പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചത്.
പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം.