ലോസ് ഏഞ്ചലസ് : പ്രമുഖ ഹോളിവുഡ് നടന്‍ റേ ലിയോറ്റ ( 67 ) അന്തരിച്ചു. ഡൊമിനിക്കല്‍ റിപ്പബ്ലിക്കില്‍, പുതിയ ചിത്രമായ ഡേഞ്ചറസ് വാട്ടേഴ്സിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു മരണം.
ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് സൂചന.
മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ വിഖ്യാത ചിത്രം ‘ ഗുഡ്‌ഫെല്ലാസി”ലൂടെയാണ് ( 1990 ) റേ പ്രശസ്തനായത്. ‘ ഫീല്‍ഡ് ഒഫ് ഡ്രീംസ്'( 1989)ല്‍ അമേരിക്കന്‍ ബേസ്ബോള്‍ താരം ഷൂലെസ് ജോ ജാക്സണിന്റെ വേഷം അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദ ലോണ്‍ലി ലേഡിയാണ് ( 1983 ) ആദ്യ ചിത്രം. സംതിംഗ് വൈല്‍ഡ്, അണ്‍ലോഫുള്‍ എന്‍ട്രി, കോപ്‌ലാന്‍ഡ്, ഹാനിബല്‍, ഐഡന്റിറ്റി, മാര്യേജ് സ്റ്റോറി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
1954 ഡിസംബര്‍ 18ന് ന്യൂജേഴ്സിയില്‍ ജനിച്ച റേ ഒരു അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആറ് മാസമുള്ളപ്പോള്‍ ഇറ്റലിയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ ഒരു കുടുംബം റേയെ ദത്തെടുത്തു.
നടിയും നിര്‍മ്മാതാവുമായ മിഷേല്‍ ഗ്രേസ് ഭാര്യയായിരുന്നു. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു.