ഡബ്ലിന്‍ : ആര്‍ആര്‍ആറിലെ ഗവര്‍ണറെ അനശ്വരനാക്കിയ പ്രശസ്ത ഐറിഷ് ചലച്ചിത്ര താരം റേ സ്റ്റീവന്‍സണ്‍ (58) അന്തരിച്ചു. എസ്.എസ്.രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ വില്ലനായ ബ്രിട്ടിഷ് ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ചും കയ്യടി നേടിയ നടനാണ്. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സായ ‘തോറില്‍’ വോള്‍സ്റ്റാഗായി വേഷമിട്ടാണു റേ സ്റ്റീവന്‍സണ്‍ ആഗോള പ്രശസ്തനായത്.
മേയ് 21ന് റേ സ്റ്റീവന്‍സണ്‍ അന്തരിച്ചെന്ന് അറിയിച്ച കുടുംബം മരണകാരണം പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ മരണവാര്‍ത്ത ആര്‍ആര്‍ആര്‍ സിനിമാസംഘവും സ്ഥിരീകരിച്ചു. ”ഞങ്ങള്‍ക്കും, നമുക്കെല്ലാവര്‍ക്കും വലിയ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണിത്. സര്‍ സ്‌കോട്ട്, താങ്കള്‍ എക്കാലവും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. ആത്മാവിനു നിത്യശാന്തി നേരുന്നു” ആര്‍ആര്‍ആര്‍ ടീം ട്വിറ്ററില്‍ കുറിച്ചു.
റേ സ്റ്റീവന്‍സന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയെന്നും അവിശ്വസനീയമെന്നും സംവിധായകന്‍ രാജമൗലി പറഞ്ഞു. സെറ്റില്‍ വളരെയേറെ ഊര്‍ജം പ്രസരിപ്പിച്ചിരുന്ന നടനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, കുടുംബത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു രാജമൗലി ട്വിറ്ററില്‍ പറഞ്ഞു.
വടക്കന്‍ അയര്‍ലന്‍ഡിലെ ലിസ്ബനില്‍ 1964ല്‍ ആണു സ്റ്റീവന്‍സണ്‍ ജനിച്ചത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഭിനയത്തില്‍ സജീവമായ സ്റ്റീവന്‍സണ്‍ ആദ്യം ടിവി ഷോകളിലാണ് സാന്നിധ്യമറിയിച്ചത്. ദ് തിയറി ഓഫ് ഫ്‌ലൈറ്റ് (1998) ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം.