കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീര്‍പ്പിന് തയാറല്ലെന്നു പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
കേസ് ഒത്തുതീര്‍പ്പാക്കിയെന്നു ഹര്‍ജിഭാഗം തെറ്റായ വിവരമാണു നല്‍കിയതെന്നു പരാതിക്കാരി അറിയിച്ചതിനെത്തുടര്‍ന്നു കേസിലെ തുടര്‍നടപടിക്കുള്ള സ്റ്റേ ഫെബ്രുവരിയില്‍ ഹൈക്കോടതി നീക്കിയിരുന്നു. 2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകന്‍ വിശദീകരിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി 2021 മേയ് 7 നു വിചാരണ നടപടികള്‍ 2 മാസത്തേക്കു സ്റ്റേ ചെയ്തു. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീര്‍പ്പായെന്നു നടന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍നടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കേസ് വന്നപ്പോഴാണു താന്‍ ഒത്തുതീര്‍പ്പു കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്.