എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്ന് ചലച്ചിത്രപ്രവര്‍ത്തക ആയിഷ സുല്‍ത്താന. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയഹറ. രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുല്‍ത്താന.
“എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്… രാജ്യദ്രോഹ കുറ്റം. പക്ഷേ സത്യമേ ജയിക്കൂ…കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും.’
“ഇനി നാട്ടുകാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്… ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം… തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്…’ആയിഷ പറയുന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആയിഷ സുല്‍ത്താനയ്ക്ക് കവരത്തി പൊലീസ് നോട്ടീസ് അയ്ച്ചു. ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം.
ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കി. വിഷയത്തില്‍ ആയിഷ സുല്‍ത്താനയെ അനുകൂലിച്ചും എതിര്‍ത്തും വിവിധ സംഘടനകള്‍ രംഗത്തെത്തി. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ആയിഷയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.