ശക്തവും തീവ്രവുമായ കഥാപാത്രങ്ങളെ മലയാള സിനിമലോകത്തിന് സമ്മാനിച്ച അനശ്വര നടന്‍. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രം നീലക്കുയിലിലെ നായകന്‍. അഭിനയിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച നടന്‍. അത്രത്തോളം സിനിമയെ പ്രണയിച്ച നടന്‍. ധൈര്യവും, ചങ്കൂറ്റവുമായിരുന്നു സത്യന്റെ കൈമുതല്‍.
സ്‌കൂള്‍ അധ്യാപകന്‍, പട്ടാളക്കാരന്‍, പോലീസ് ഓപീസര്‍, വക്കീല്‍ ഗുമസ്തന്‍, നാടക നടന്‍ പിന്നെ ഒടുവില്‍ സിനിമനടനും. ഇങ്ങനെ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി റോളുകള്‍ ചെയ്തു സത്യനേശന്‍ എന്ന സത്യന്‍.
കടല്‍പ്പാലത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. പുസ്തകത്താളുകളിലെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ തിളങ്ങിയത് സത്യനിലൂടെയായിരുന്നു. എം.ടിയുടെ കുട്ട്യേടത്തി, മലയാറ്റൂരിന്റെ യക്ഷി, പി.കേശവദേവിന്റെ ഓടയില്‍ നിന്ന് എന്നിവ അവയിലെ ചിലതുമാത്രമാണ്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ സ്വാഭാവിക അഭിനയ ശൈലി സ്വീകരിച്ച ആദ്യകാല നടന്മാരിലൊരാളാണ് സത്യന്‍. പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്നും പഠനവിഷയമാണ് സത്യന്റെ അഭിനയരീതി.
1912 ല്‍ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തില്‍ മാനുവേലിന്റെയും, ലില്ലിയുടെയും മകനായി ജനനം. 39-ാം വയസ്സിലാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. ആദ്യ ചിത്രം ത്യാഗസീമ വെളിച്ചം കണ്ടില്ല. ആത്മസഖിയാണ് സത്യന്റെ റിലീസായ ആദ്യ ചിത്രം. നീലക്കുയിലിലെ ശ്രീധരന്‍ നായര്‍ എന്ന കഥാപാത്രത്തിലൂടെയാണ് സത്യന്റെ ശുക്രന്‍ വെള്ളിത്തിരയില്‍ തിളങ്ങുന്നത്.
പിന്നീടങ്ങോട്ട് വ്യത്യസമായ കുറെ കഥാപാത്രങ്ങള്‍ സത്യനെത്തേടിയെത്തി. ചെമ്മിനിലെ പളനി, കടല്‍പ്പാലത്തിലെ ഡബിള്‍ റോള്‍, മുടിയനായ പുത്രനിലെ രാജന്‍, ഇതെല്ലാം സത്യന്‍ എന്ന മഹാനടനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചു. ഏകദേശം നൂറ്റമ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള സത്യന്‍ തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തില്‍ വളരെ പ്രസിദ്ധനായിരുന്നു. ദശാബ്ദങ്ങള്‍ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യന്‍ ഇന്നും ജീവിക്കുന്നു.
മലയാള നടന്മാരില്‍ ഒട്ടനവധി പേര്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സത്യന്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലര്‍ത്തി. മലയാളചലച്ചിത്രരംഗത്ത് അക്ഷരാര്‍ഥത്തില്‍ സത്യന്റെ സിംഹാസനമുണ്ട്.
പ്രമുഖ സ്റ്റുഡിയോകളിലും സത്യന്റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളില്‍ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന നടന്മാര്‍ എക്കാലത്തും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതില്‍ കയറിയിരുന്നാലും സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.
ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനില്‍ക്കേ 1970 ഫെബ്രുവരിയില്‍ സത്യന് ഗുരുതരമായ രക്താര്‍ബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യന്‍ അഭിനയം തുടര്‍ന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ രക്തം ചര്‍ദ്ദിച്ച് കുഴഞ്ഞുവീണപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലര്‍ക്കും മനസ്സിലായത്.
തുടര്‍ന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാന്‍ വന്ന മക്കളോട് ”എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ…” എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. ഒടുവില്‍, 1971 ജൂണ്‍ 15ന് പുലര്‍ച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59 വയസ്സേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
മലയാളക്കര ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. കത്തിനില്‍ക്കുന്ന സമയത്ത് ഒരു മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തില്‍ മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചപ്പോള്‍ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടര്‍ന്ന് സത്യന്റെ വീട്ടിലും വി.ജെ.ടി ഹാളിലും പൊതുദര്‍ശനത്തിനുവച്ചശേഷം പാളയം എല്‍.എം.എസ് കോമ്പൗണ്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്‌കരിച്ചു.
ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കള്‍ അവര്‍ക്കുണ്ടായി പ്രകാശ്, സതീഷ്, ജീവന്‍. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതില്‍ മൂത്തവനായ പ്രകാശ് സത്യന്‍ 2014 ഏപ്രില്‍ 15ന് അന്തരിച്ചു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേര്‍ത്തത് മാത്രമായിരുന്നു.