ലഖ്‌നൗ: ഗാസിയാബാദില്‍ വയോധികന് മര്‍ദ്ദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതിന്റെ പേരില്‍ നടി സ്വര ഭാസ്കറിനും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കുമെതിരെ കേസ്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് വയോധികന് മര്‍ദ്ദനമേറ്റത് എന്ന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് കേസിന് ആധാരം.
രണ്ട് മത വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടിക്കും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വയോധികന് മര്‍ദ്ദനമേറ്റതിന്റെയും അദ്ദേഹത്തിന്റെ താടി മുറിക്കുന്നതിന്റെയും വീഡിയോ സ്വര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. ട്വിറ്ററിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും പരാതിയില്‍ പറയുന്നു.
താരങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ട്വീറ്റില്‍ പ്രതിഫലിക്കുന്നത് എന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. രാജ്യത്തെ മത സൗഹാര്‍ദം തകര്‍ക്കുന്നതിനും മത വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്നതിനുമുള്ള തെറ്റായ ലക്ഷ്യമാണ് ട്വീറ്റുകള്‍ക്ക് പിന്നില്‍. ആയിരക്കണത്തിന് പേരാണ് ഇവരുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.