സ്ത്രീധനത്തിനെതിരെ നടനും എംപിയുമായ സുരേഷ് ഗോപി നേരത്തെ നടത്തിയ അഭിപ്രായപ്രകടനവും വൈറലാകുന്നു. ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ എന്ന പരിപാടിയിലെ മത്സരാര്‍ഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് വികാരനിര്‍ഭരനായി സംസാരിക്കുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു കൃഷ്ണ. താന്‍ നേരിടേണ്ടി വന്ന അനുഭവം പരിപാടിയില്‍ തുറന്നുപറയുന്നതിനിടെയാണ് സുരേഷ് ഗോപി ക്ഷുഭിതനായത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്.
“ലോകത്തുള്ള പെണ്‍മക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓര്‍ത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണം. പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാന്‍. ഓരോരുത്തരും സ്വയം യോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ യോഗ്യത നിശ്ചയിക്കാന്‍ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാല്‍….ഈ ആണുങ്ങള്‍ എന്തുചെയ്യും.’സുരേഷ് ഗോപി പറഞ്ഞു.
ഇന്ത്യന്‍ വിവാഹങ്ങളുടെ പഴയ ഘടന നോക്കിയാല്‍, അത് കുഴപ്പം പിടിച്ചതാണ്. എന്നാല്‍, കാര്യങ്ങള്‍ മാറുകയാണെന്ന് ടി അഹാന കൃഷ്ണകുമാര്‍ പറഞ്ഞു. വേഗതയേറിയ രീതിയില്‍ അല്ലെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജീവിതം മുന്നോട്ടുപോകുന്തോറും സ്വാതന്ത്ര്യത്തിന്റെയും സ്വയംമൂല്യത്തിന്റെയും പൊരുള്‍ എന്തെന്ന് നാം അറിഞ്ഞിട്ടുണ്ടാകുമല്ലോ, എന്നാല്‍ ഇത് അറിയാത്തവരും ഇവിടെയുണ്ട്.
പ്രിയപ്പെട്ട പെണ്‍കുട്ടികളെ, ശാരീരികമായ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍, പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്. അവര്‍ മനുഷ്യരല്ലാതെ മറ്റൊന്നുമല്ല. സമത്വമുള്ള ഒരു ലോകത്ത്, നമ്മളെല്ലാം ഒരുപോലെയാണ്. അത് അല്ല എന്ന് മറ്റാരും നിങ്ങളോട് പറയാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായേക്കാം അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കില്ല. അത് നിങ്ങളുടെ ഇഷ്ടമാണ്.വിവാഹം മാത്രമല്ല നിങ്ങളുടെ ഒരേയൊരു ലക്ഷ്യം. നാം ജീവിതത്തില്‍ നടത്തുന്ന നിരവധി മനോഹരമായ യാത്രകളില്‍ ഒന്നാണിത്. ആ യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ , അപ്പോള്‍ എന്ത്? മറ്റൊരു ടിക്കറ്റ് എടുത്ത്, ട്രെയിനില്‍ കയറി മറ്റൊരു മനോഹരമായ സാഹസിക യാത്രയ്ക്ക് പോകുക. വിവാഹം കഴിച്ചേ മതിയാകൂ എന്ന് ആരും നിങ്ങളോട് പറയാന്‍ അനുവദിക്കരുത്. വിവാഹത്തിന്റെ പേരില്‍ മറ്റൊരു വീട്ടിലേക്ക് വില്‍ക്കപ്പെടാനുള്ള ഒരു ചരക്ക് അല്ല നിങ്ങളെന്ന് ഓര്‍ക്കണമെന്നും അഹാന പറഞ്ഞു.
നടി സരയു മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്: യഥാര്‍ഥ ജീവിതം ഇവിടെ നിന്ന് മാറിയാണ്… അവിടെ ഇപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗം കുടുംബത്തിനായി ഓടിതീര്‍ന്ന അച്ഛനമ്മാര്‍ ഇപ്പോഴും കണ്ണും നട്ട് കാത്തിരിക്കുകയാണ്, അവരുടെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാകുന്ന ദിവസത്തിനായി സ്വരുകൂട്ടി വയ്ക്കുകയാണ്….പൊന്നും പണവും കരുതുകയാണ്… അങ്ങനെ ആ ബാധ്യത തീര്‍ന്നു എന്ന് ആശ്വസിക്കുന്ന അച്ഛനമ്മാര്‍… അതാണ് ഏറ്റവും വലിയ പേടി…
പെണ്മക്കളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കി, എന്‍ജിനീയര്‍ ആക്കി എന്നൊക്കെ വിവാഹനാള്‍ വരെ വാതോരാതെ പറഞ്ഞിരുന്ന അവര്‍, ഒരു വര്‍ഷത്തിനപ്പുറം പുളകം കൊള്ളുന്നു, ഓഹ്…. കുഞ്ഞൊക്കെ ആയതില്‍ പിന്നെ അവള്‍ പോയില്ല… ഇനിയിപ്പോ അവന്റെ കാര്യവും കുഞ്ഞിന്റെ കാര്യമൊക്കെ നോക്കണ്ടേ…! വിവാഹക്കമ്പോള വാതില്‍ വരെ എത്താനേ വിദ്യാഭാസവും ജോലിയും പെണ്‍കുട്ടികള്‍ക്ക് ആവശ്യമായി വരുന്നുള്ളു….
എന്റെ പൊന്ന് അനുജത്തിമാരെ, വിദ്യാഭാസം, ജോലി, മനസമാധാനം, അവനവന്റെ സന്തോഷം ഇതൊക്കെ കഴിഞ്ഞ് മാത്രമേ വിവാഹം കടന്ന് വരുന്നുള്ളു എന്നൊന്ന് തിരിച്ചറിയൂ…. ജോലി നേടൂ… ഏറ്റവും കുറഞ്ഞ പണം, എങ്കിലും- സ്വന്തമായി സമ്പാദിക്കൂ….സരയുവിന്റെ കുറിപ്പില്‍ പറയുന്നു.