Sunday, September 8, 2024

HomeCinema'ഹമാരാ ബാരാ' സിനിമയ്ക്ക് വിലക്ക്: സാമുദായിക സംഘര്‍ഷമുണ്ടാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍

‘ഹമാരാ ബാരാ’ സിനിമയ്ക്ക് വിലക്ക്: സാമുദായിക സംഘര്‍ഷമുണ്ടാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍

spot_img
spot_img

അന്നു കപൂര്‍ ചിത്രമായ ‘ഹമാരാ ബാരാ’യുടെ റിലീസ് തടഞ്ഞ് കര്‍ണാടക. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രണ്ടാഴ്ചയ്‌ത്തേക്കാണ് വിലക്ക്. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടതിന് ശേഷം നിരവധി സംഘടനകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പേ നിരവധി പേരാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ട്രെയിലറില്‍ തന്നെ വര്‍ഗ്ഗീയതയും അസഭ്യ പ്രചരണവും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചിരുന്നു. അസ്വസ്ഥപ്പെടുത്തുന്ന ട്രെയിലറാണ് ചിത്രത്തിന്റേതെന്നും രാജ്യത്തെ യുവമനസ്സുകളില്‍ ചിത്രം വിഷം നിറയ്ക്കുമെന്നും ചിലര്‍ ആരോപിച്ചു.

വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

അതേസമയം ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി അന്നു കപൂര്‍ രംഗത്തെത്തിയിരുന്നു. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അന്നു തന്റെ നിലപാട് വ്യക്തമാക്കിയത്. ചിത്രം മുഴുവന്‍ കാണുന്നതിന് മുമ്പ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് അന്നു പറഞ്ഞു. ആദ്യം സിനിമ കാണാനും അതിനുശേഷം സിനിമയെപ്പറ്റി അഭിപ്രായം പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘ഞാനൊരു യുക്തിവാദിയാണ്. സംവിധായകന്റെയും ചിത്രത്തിന്റെയും കാഴ്ചപ്പാടുകള്‍ വെള്ളിത്തിരയില്‍ ശരിയായി അവതരിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിച്ചിരുന്നു. എന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയ രീതിയിലുള്ള അഭിനയമാണ് ഞാന്‍ കാഴ്ചവെച്ചത്. ബാക്കിയുള്ള കാര്യങ്ങളെപ്പറ്റി ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ഒരു കലാകാരന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്,’’ അന്നു കപൂര്‍ പറഞ്ഞു.

‘പ്രൊപ്പഗാന്‍ഡയെപ്പറ്റിയാണ് ആളുകള്‍ പറയുന്നത്. അതേപ്പറ്റി ഞാന്‍ ആലോചിക്കുന്നില്ല. ആളുകളോട് ഒന്നേ പറയാനുള്ളു. സിനിമ ആദ്യം കാണൂ. അതിന് ശേഷം നിങ്ങള്‍ക്ക് പറയാനുള്ളത് പറയൂ. വിമർശിക്കുന്നവർ ഇതുവരെ ചിത്രം കണ്ടിട്ടില്ല,’’ അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനോജ് ജോഷിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.’’ ഒരു മതത്തെയും ലക്ഷ്യമിടുന്ന ചിത്രമല്ല ഇത്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടേണ്ടതിനെപ്പറ്റിയാണ് ഇന്ന് നമ്മുടെ രാജ്യം ചര്‍ച്ച ചെയ്യുന്നത്. ഒരു സമൂഹവും സ്ത്രീകളെ അനാദരിക്കാന്‍ പാടില്ല. സ്ത്രീകള്‍ കേവലം വസ്തുക്കളല്ല. വിദ്യാഭ്യാസം, തൊഴില്‍, സ്ത്രീകളെ ബഹുമാനിക്കല്‍, ശാക്തീകരണം, ജനസംഖ്യ എന്നീ വിഷയങ്ങളെപ്പറ്റിയാണ് ചിത്രം പറയുന്നത്. അതിനാല്‍ എല്ലാവരും കുടുംബത്തോടൊപ്പമിരുന്ന് ചിത്രം കാണാന്‍ ശ്രമിക്കണം,’’ മനോജ് ജോഷി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments