Saturday, September 7, 2024

HomeCinemaതമിഴ്‌നാടിന് വേണ്ടത് വിദ്യാഭ്യാസമുള്ള നേതാക്കളെയെന്ന് നടന്‍ വിജയ്

തമിഴ്‌നാടിന് വേണ്ടത് വിദ്യാഭ്യാസമുള്ള നേതാക്കളെയെന്ന് നടന്‍ വിജയ്

spot_img
spot_img

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നും വിജയ് പറഞ്ഞു. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

രാഷ്ട്രീയത്തെ മാത്രമല്ല താന്‍ ഉദ്ദേശിച്ചതെന്നും എല്ലാ മേഖലയിലും നല്ല നേതാക്കള്‍ വരണമെന്നും വിജയ് ചടങ്ങില്‍ പറഞ്ഞു. പുരസ്‌കാര സമര്‍പ്പണം നടക്കുന്ന ചെന്നൈ പനയൂരിലെ ഹാളിലേക്കെത്തിയ വിജയ്, ആദ്യം വേദിയിലേക്കു കയറാതെ സദസ്സിലെ ദലിത് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഇരുന്നത്. പ്രസംഗത്തിനായി വേദിയിലേക്ക് കയറിയ വിജയിനെ എല്ലാവരും കയ്യടികളോടെ സ്വീകരിച്ചു.

നിങ്ങള്‍ക്ക് എവിടെ വിജയിക്കാന്‍ സാധിക്കുമോ ആ മേഖലയിലേക്ക് കടന്നുവരിക. നമുക്ക് വേണ്ടത് നല്ല ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും മാത്രമല്ല. നല്ല നേതാക്കളെ കൂടിയാണ്. നല്ലതുപോലെ പഠിക്കുന്നവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം. ശരിയും തെറ്റും തിരിച്ചറിയാന്‍ സാധിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. നാട്ടിലെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കണം. കൃത്യമായി നിരീക്ഷിക്കണം. അപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാവുക.

വിദ്യാര്‍ത്ഥികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിച്ച വിജയ് താത്കാലിക സന്തോഷങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് പറഞ്ഞു. തമിഴ്നാട്ടിലെ ഒരോ നിയമസഭ മണ്ഡലത്തിലേയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയാണ് വിജയ് ആദരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ ചടങ്ങ് നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. എന്നാല്‍ അതിന് തൊട്ടുപിന്നാലെ വിജയ് ആരാധകരെ ഞെട്ടിച്ച് ഒരു കാര്യം കൂടി തുറന്നു പറഞ്ഞു. അഭിനയം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നുവെന്ന്. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും മുഴുവന്‍ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റിവയ്ക്കും എന്നാണ് വിജയ് പ്രഖ്യാപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments