മാലിക് എന്ന ചിത്രത്തില്‍ ഫ്രഡി എന്ന പ്രധാന കഥാപാത്രത്തെ ആവിസ്മരണീയമാക്കിയ സനല്‍ അമന്‍ നേടിയത് പകരംവയ്ക്കാനാവത്ത ജീവിത ദുരിതങ്ങളുടെ നടുവില്‍ നിന്ന് നേടിയെടുത്ത വിജയം.
കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളൊന്നും ഈ യുവാവിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ തടസ്സമായില്ല. കുടുംബം മുണ്ട് മുറുക്കിയുടുത്ത് പഠിപ്പിക്കുകയും ചെയ്തു. ഒരു മുഖ്യധാരാസിനിമയില്‍ പ്രധാന വേഷം ചെയ്യുക എന്ന സനലിന്റെ മോഹം സഫലമാകാന്‍ ഒരു വ്യാഴവട്ടത്തിലേറെ കാത്തിരിക്കേണ്ടിവന്നു.
ഇതിന് മുമ്പ് മൂന്ന് സമാന്തര സിനിമകളിലും കുറേ ഹ്രസ്വസിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷം ലഭിക്കുന്നത് ആദ്യം. അതും ഫഹദ് ഫാസിലും ജലജയും ഉള്‍പ്പെടെ വലിയ താരനിരയുടെ കൂടെ.
തന്റെ പകുതി പ്രായമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ഈ 35-കാരന്. അതിനായി ഒരു പ്രകൃതിചികിത്സാകേന്ദ്രത്തില്‍പ്പോയി ശരീരഭാരം കുറച്ചു. 2016-ല്‍ കൊച്ചിയില്‍ നടന്ന ഒരു നാടകമേളയിലാണ് മഹേഷ് നാരായണന്‍ സനലിനെ ആദ്യം കാണുന്നത്.
അവിടെ സനല്‍ അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്ത “ലവര്‍’ എന്ന ഇംഗ്ലീഷ് നാടകം കണ്ട മഹേഷ് നാരായണന്‍ പരിചയപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് മൂന്നുവര്‍ഷത്തിനുശേഷമാണ് “മാലിക്കി’ല്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്.
27 കോടി മുടക്കി നിര്‍മിച്ച സിനിമ 2020 ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. കോവിഡ് കാരണം റിലീസ് ചെയ്യാനായില്ല. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് (ആമസോണ്‍ പ്രൈം) സിനിമ റിലീസ് ചെയ്തത്. ടാക്കീസില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ നിരാശയുണ്ടെന്ന് സനല്‍ പറഞ്ഞു. കാരണം നമ്മുടെ സിനിമാശീലം അതാണ്.
മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ലസ് ടു പാസായശേഷം സനല്‍ കൊല്ലം എസ്.എന്‍. കോളേജില്‍നിന്ന് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ ബിരുദം നേടി. തൃശ്ശൂര്‍ ഡ്രാമ സ്കൂളില്‍ രണ്ടുവര്‍ഷം. തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയോട് ചേര്‍ന്ന സരോജിനി നായിഡു സ്കൂളില്‍ ഒരുവര്‍ഷം പെര്‍ഫോമിങ് ആര്‍ട്‌സില്‍ പരിശീലനം.
ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് അഭിനയത്തില്‍ പി.ജി. ഡിപ്ലോമ നേടി. മുന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം. നാറാത്ത് ലോക്കല്‍ സെക്രട്ടറിയുമായ എന്‍. അശോകന്റെയും സതിയുടെയും മകനാണ്. സഹോദരന്‍ അമല്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്.