തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനമ്മമാരെ അവഹേളിക്കുന്ന സംഭാഷണം സിനിമയില്‍ ഉള്‍പ്പെട്ടതില്‍ ക്ഷമ ചോദിച്ച് “കടുവ’ സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും.
“കടുവ’ സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അച്ഛനമ്മമാരെ വേദനിപ്പിക്കുന്ന പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നു മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്’–-ഷാജി കൈലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റ് പങ്കുവച്ച് സംഭാഷണം തെറ്റായിരുന്നെന്നും അതില്‍ ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വ്യക്തമാക്കി.
പൃഥ്വിരാജിന്റെ നായക കഥാപാത്രം സിനിമയില്‍ പറയുന്ന സംഭാഷണമാണ് വിവാദമായത്. തിരക്കഥാകൃത്ത് ജിനുവോ പൃഥ്വിരാജോ സംവിധാനംചെയ്യുമ്ബോള്‍ ഞാനോ മറ്റു വശങ്ങള്‍ ചിന്തിച്ചില്ല എന്നതാണ് സത്യം. അച്ഛനമ്മമാര്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുതന്നെ ക്ഷമാപണം നടത്തുന്നതായും ഷാജി കൈലാസ് പറഞ്ഞു.
2016ലെ ഭിന്നശേഷി അവകാശ നിയമം 92 -വകുപ്പ് പ്രകാരം ഷാജി കൈലാസ്, നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ സംസ്ഥാന ഭിന്നശേഷി കമീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ ശനിയാഴ്ച ഉത്തരവിട്ടിരുന്നു.