Friday, July 5, 2024

HomeCinemaസല്‍മാന്‍ ഖാനെ കൊലപ്പെടുത്താൻ ബിഷ്‌ണോയ് സംഘം ലക്ഷ്യമിട്ടു; 25 ലക്ഷം രൂപയുടെ ക്വട്ടേഷനെന്ന് കുറ്റപത്രം

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താൻ ബിഷ്‌ണോയ് സംഘം ലക്ഷ്യമിട്ടു; 25 ലക്ഷം രൂപയുടെ ക്വട്ടേഷനെന്ന് കുറ്റപത്രം

spot_img
spot_img

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുന്നതിന് ജയിലിലായ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ് 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നൽകിയിരുന്നതായി മഹാരാഷ്ട്ര പോലീസിന്റെ കുറ്റപത്രം. സിനിമാചിത്രീകരണത്തിനിടെ നടനെ ആക്രമിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്.

എകെ 47, എകെ 92, എം16 റൈഫിള്‍സ്, തുര്‍ക്കിയില്‍ നിര്‍മിച്ച സിഗാന പിസ്റ്റള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് വാങ്ങുന്നതിനും സംഘം ശ്രമിച്ചതായും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തുന്നതിന് ബിഷ്‌ണോയ് സംഘം ഉപയോഗിച്ചത് സിഗാന പിസ്റ്റള്‍ ആണെന്നാണ് ആരോപണം.

അറസ്റ്റിലായ അഞ്ച് പ്രതികളായ ധനഞ്ജയ് തപ്‌സിംഗ് എന്ന അജയ് കശ്യപ്(28), ഗൗതം ഭാട്ടിയ (29), വാസ്പി മെഹമൂദ് ഖാന്‍ എന്ന ചൈന (36) റിസ്വാന്‍, ജാവേദ് ഖാന്‍ എന്ന ഹുസൈന്‍ (25), ജോണ്‍ എന്ന ദീപക് ഹവാസിംഗ് (30) എന്നിവര്‍ക്കെതിരേ നവി മുംബൈയിലെ പന്‍വേല്‍ ടൗണ്‍ പോലീസ് ജൂണ്‍ 21ന് 350 പേജുള്ള കുറ്റപത്രമാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

മൂസെവാലയെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് ബിഷ്‌ണോയ് സംഘം സല്‍മാന്‍ ഖാനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ലോറന്‍സ് ബിഷ്‌ണോയ്, സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ്, സമ്പത്ത് നെഹ്‌റ, ഗോള്‍ഡി ബാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. സിനിമാ ഷൂട്ടിംഗിനിടെയോ നടന്‍ പന്‍വേല്‍ ഫാംഹൗസില്‍ നിന്ന് പുറത്ത് പോകുമ്പോഴോ ആണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികള്‍ നടത്തിയ ഗൂഢാലോചന, ആക്രമണം, രക്ഷപ്പെടാന്‍ നടത്തിയ വഴികള്‍ എന്നിവയെല്ലാം കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശേഖരിച്ച രഹസ്യവിവരങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍ റെക്കോഡുകള്‍, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, ഓഡിയോ, വീഡിയോ കോളുകള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവയെല്ലാം കുറ്റപത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുള്ളതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഏപ്രില്‍ 14-ന് ബാന്ദ്രയിലുള്ള സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ നിരവധിപ്പേരെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്തദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നടനുമായി കൂടിക്കാഴ്ച നടത്തുകയും സഹായം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

നടനെ കൊലപ്പെടുത്തുന്നതിന് ബിഷ്‌ണോയി സംഘം നടത്തിയ പദ്ധതി ഏപ്രിലില്‍ പന്‍വേല്‍ ടൗണ്‍ പോലീസ് പൊളിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ ഉള്‍പ്പെട്ട അജയ് കശ്യപും മറ്റൊരു പ്രതിയും തമ്മിലുള്ള വീഡിയോ കോള്‍ സംഭാഷണത്തില്‍ നിന്നാണ് ഗൂഢാലോചന പുറത്തായത്. ഏറ്റവും പുതിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഗോള്‍ഡി ബ്രാറിന്റെ നിര്‍ദേശപ്രകാരം മുംബൈ, താനെ, നവി മുംബൈ, പൂനെ, റായ്ഗഡ്, ഗുജറാത്ത് എന്നിവടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ളവരെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ആക്രമണം നടത്താന്‍ വാഹനം നല്‍കാന്‍ ജോണ്‍ എന്ന ആളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ആക്രമണത്തിന് ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനാണ് തീരുമാനിച്ചിരുന്നത്. അവിടെ നിന്ന് പ്രതികളെ മറ്റ് രാജ്യങ്ങളിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിരുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തലവന്‍ അന്‍മോല്‍ ബിഷ്‌ണോയി ഇവരുടെ യാത്രക്കാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയിലും പന്‍വേല്‍ ഫാം ഹൗസിലും സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയിയും സമ്പത്ത് നെഹ്റയും 60 മുതല്‍ 70 വരെ അംഗങ്ങളെ നിയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. തിരിച്ചറിഞ്ഞ 17 പ്രതികള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഏപ്രില്‍ 24 ന് പന്‍വേല്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതി അജയ് കശ്യപും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഡോഗര്‍ എന്ന വ്യക്തിയും തമ്മില്‍ വീഡിയോ കോള്‍ നടത്തിയതായി പോലീസ് കണ്ടെത്തി.

പാകിസ്ഥാനില്‍ നിന്ന് ഏകെ 47 ഉള്‍പ്പെടെയുള്ള ആയുധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് വീഡിയോ കോളില്‍ കശ്യപ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ പകുതി തുക ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാറിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നും ബാക്കി തുക ആയുധങ്ങള്‍ എത്തിച്ചശേഷം നല്‍കാമെന്നുമാണ് അറിയിച്ചത്. വീഡിയോ കോളിനിടെ ഡോഗര്‍ എകെ 47 ഉള്‍പ്പെടെ നാലോ അഞ്ചോ ആയുധങ്ങള്‍ കശ്യപിനെ കാണിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments