ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഹോം’ എന്ന സിനിമ ശീനാഥ് ഭാസിയുടെ ഭാവിവധു പ്രിയയായി തകര്‍ത്തഭിനയിച്ച് ദീപ തോമസ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നു.
ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തിയത്. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറുടെ വേഷത്തിലായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ‘ട്രാന്‍സി’ല്‍ ക്വയര്‍ പാട്ടുകാരിയായെത്തി. കുഞ്ചാക്കോബോബന്‍ നായകനായ ‘മോഹന്‍കുമാര്‍ ഫാന്‍സി’ല്‍ സൂപ്പര്‍താരം ആകാഷ്‌മേനോന്റെ കാമുകിയുടെ വേഷം തിയറ്ററില്‍ ഏറെ ചിരിയുണര്‍ത്തിയിരുന്നു.
ഹോം സിനിമയിലാണ് ആദ്യമായൊരു മുഴുനീള കഥാപാത്രമായെത്തിയത്. ‘ഹോമി’ലെ പ്രകടനം കണ്ട് കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റയിലുമൊക്കെ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.
അടിമുടി കോഴിക്കോട്ടുകാരിയായി അധ്യാപകകുടുംബത്തിലാണ് ജനനം. അച്ഛന്‍ തോമസ് മാത്യു എട്ടിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് വിരമിച്ചത്. കോഴിക്കോട് സെന്റ്‌ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസ്സിന്റെ പ്രധാനാധ്യാപകനായിരുന്നു. അമ്മ എല്‍സി വര്‍ഗീസ് ചെറുവണ്ണൂര്‍ ലിറ്റില്‍ഫ്‌ലവര്‍ സ്കൂളിലെ അധ്യാപികയാണ്.
കോവൂര്‍ പാലാഴി എംഎല്‍എ റോഡില്‍ ദേവഗിരി പബ്ലിക് സ്കൂളിനു പിറകിലായാണ് താമസിക്കുന്നത്. ഈ വീടിന് എന്റെ പ്രായമാണ്. കല്ലാനോട് സ്വദേശിയാണ് അച്ഛന്‍. അമ്മയുടെ വീട് വയനാട്ടിലെ വൈത്തിരിയിലാണ്.
എനിക്ക് ഒരു വയസുള്ളപ്പോഴാണ് കുടുംബം കോവൂരിലെ വീട്ടിലേക്ക് താമസം മാറിയത്. മൂത്ത സഹോദരി ദീപ്തി കാനഡയില്‍ നഴ്‌സാണ്. അനിയന്‍ ദീപക് മൈസൂരുവില്‍ മെഡിക്കല്‍ ഇമേജിങ് ടെക്്‌നോളജി വിദ്യാര്‍ഥിയാണ്.