ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്‍ പല ഡീഗ്രേഡുകളെയും വിമര്‍ശനങ്ങളെയും കാറ്റില്‍പ്പറത്തിയാണ് വിജയം സ്വന്തമാക്കിയത്.
ഇപ്പോള്‍ ചിത്രത്തിന് കൈവന്നിരിക്കുന്ന മറ്റൊരു നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. താഷ്ക്കന്റ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മേപ്പടിയാന്‍ എന്ന കൊച്ചു ചിത്രം ഇടം നേടിയിരിക്കുകയാണ്. ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.
ഉണ്ണി മുകുന്ദന്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് മേപ്പടിയാന്‍ എന്ന ചിത്രം നടന്‍ നിര്‍മ്മിച്ചത്. ഇതിന് മുമ്ബ് ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ മേപ്പടിയാന്‍ ഇടം നേടുകയും അംഗീകാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സിനിമ സ്വന്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ചിത്രത്തെ തേടി മറ്റൊരു നേട്ടവും കൂടി കൈവന്നിരിക്കുന്നത്. ദുബായ് എക്സ്പോ ഇന്ത്യ പവലിയനില്‍ മേപ്പടിയാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യമായാണ് ഒരു ചിത്രം ഇന്ത്യ പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഉണ്ണിയുടെ സ്വന്തം നിര്‍മ്മാണ കമ്ബനിയുടെ രണ്ടാമത്തെ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ ഒരുങ്ങുന്നതിനിടയിലാണ് ആദ്യ ചിത്രത്തിന് ഈ നേട്ടം കൈവന്നിരിക്കുന്നത്. അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഷെഫീഖിന്റെ സന്തോഷം’. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരത്തിന്റെ ചിത്രം അടുത്തിടെ പ്രഖ്യാപിച്ച ‘ബ്രൂസ് ലീ’ ആണ്.