ഹൈദരാബാദ്: തെലുങ്ക് നടൻ നാഗചൈതന്യയുടെയും ബോളിവുഡ് നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയ വാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും നാഗാർജുന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
‘ഞങ്ങളുടെ മകൻ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്ന വിവരം നടന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ 9.42 ന് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ശോഭിതയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദമ്പതികൾക്ക് അഭിനന്ദനങ്ങൾ.ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സന്തോഷവും സ്‌നേഹവും ഇരുവർക്കും ആശംസിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ..’ എന്നായിരുന്നു നാഗാർജുന സോഷ്യൽമീഡിയയിൽ കുറിച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. ഈവർഷം വിവാഹം നടന്നേക്കുമെന്നാണ് സൂചന.ഏറെ നാളായി ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.
2017 ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേർപിരിയൽ വാർത്ത താരങ്ങൾ പങ്കുവെച്ചത്.
സായ് പല്ലവിയ്ക്കൊപ്പം ‘തണ്ടേൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നാഗചൈതന്യ. ദേവ് പട്ടേലിന്റെ ‘മങ്കി മാൻ’ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാന്റെ നായികയായി കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ശോഭിത അഭിനയിച്ചിട്ടുണ്ട്.