നടിയുടെ പരാതിയിൽ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ കൊച്ചി പോലീസ് കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇടവേള ബാബുവിനെതിരെ കേസ്. അമ്മയിൽ അംഗത്വം നൽകാമെന്നു പറഞ്ഞ് പീഡിപ്പിച്ചതായാണ് പരാതി. ഐപിസി 376, 364 വകുപ്പുകൾ പ്രകാരമാണ് കേസ്.
മണിയൻപിള്ള രാജുവിനെതിരെയും കേസെടുത്തു. ഫോർട്ട് കൊച്ചി പോലീസാണ് കേസെടുത്തിട്ടുള്ളത്. സിനിമാ ഷൂട്ടിങ്ങിനിടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. അഡ്വക്കേറ്റ് വി. എസ്. ചന്ദ്രശേഖരനെതിരെ എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. ബലാൽസംഗ വകുപ്പ് ചുമത്തിയാണ് കേസ്.
കൊച്ചിയിലെ നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, അഭിഭാഷകനായ വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്.
നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരായ നോബിൾ, വിച്ചു, അഭിഭാഷകൻ വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ മൊഴി പോലീസ് ബുധനാഴ്ച രേഖപ്പെടുത്തി.
ഡിഐജി അജിതാ ബീഗം, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലി, മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ ഇരയായ യുവതിയുടെ ആലുവയിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. 2009 മുതൽ മലയാളം സിനിമാ മേഖലയിൽ ജോലി ചെയ്യുമ്പോഴുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് ഇര വെളിപ്പെടുത്തിയതിനെ തുടർന്ന് എസ്ഐടി അംഗങ്ങൾ അവരെ ബന്ധപ്പെടുകയും പരാതി നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തു.
യുവതി ആദ്യം ഒരു പരാതി തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ എസ്ഐടി അംഗങ്ങളുടെ നിർദേശത്തെ തുടർന്ന് തന്നോട് മോശമായി പെരുമാറിയവർക്കെതിരെ ഏഴ് വ്യത്യസ്ത പരാതികൾ അവർ സമർപ്പിച്ചു.