മുംബൈ: മുഖംമൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് നടി പായല്‍ ഘോഷ്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു.
ഞായറാഴ്ച രാത്രി 10 നാണ് സംഭവം. മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോള്‍ മുഖംമൂടി ധരിച്ച പുരുഷന്‍മാര്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കയ്യില്‍ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാന്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവര്‍ പിന്‍മാറി നടി പറയുന്നു.
ഓര്‍ക്കുമ്പോള്‍ അതിയായ ഭയം തോന്നുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസില്‍ പരാതിപ്പെടുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായല്‍ ഘോഷ് ശ്രദ്ധ നേടുന്നത്.
ഇത് സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് പോലീസില്‍ മൊഴി നല്‍കി.