ചെന്നൈയിലെ എ ആര്‍ റഹ്മാന്റെ മറക്കുമാ നെഞ്ചം സംഗീത ഷോ അലങ്കോലപ്പെട്ട സംഭവത്തില്‍ ചെന്നൈ ഡിസിപി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
സംഭവത്തില്‍ ഗുരുതരമായ വീഴ്ച നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസിപി ദീപ സത്യ, ദിശാ മിത്തല്‍ ഐപിഎസ്, ആദര്‍ശ് പച്ചേര ഐപിഎസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. തമിഴ്‌നാട് പോലീസിന്റെ അന്വേഷണ നടപടിയുടെ ഭാഗമായാണ് ഇവരെ സ്ഥലം മാറ്റുകയും ബാക്കിയുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നത്. ഷോ അലങ്കോലമായ പേരില്‍ ആരാധകര്‍ക്കുണ്ടായ നഷ്ടത്തില്‍ എ ആര്‍ റഹ്മാൻ ഇന്നലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു തമിഴ്നാട് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.
ആദിത്യറാം പാലസ് സിറ്റിയിലെ മൈതാനത്ത് നടത്തിയ ‘മറക്കുമാ നെഞ്ചം’ എന്ന സംഗീത ഷോയുടെ സംഘാടനത്തില്‍ ഗുരുതരമായ വീഴ്ച വന്നതിനെ തുടര്‍ന്ന് ടിക്കെറ്റെടുത്ത ആയിരങ്ങള്‍ക്ക് ഷോയില്‍ പ്രവേശിക്കാൻ പോലും സാധിച്ചില്ല. അകത്ത് കേറിയവര്‍ക്ക് ഷോയില്‍ പ്രവേശിക്കാൻ പോലും സാധിച്ചില്ല. പ്രവേശിച്ചവര്‍ക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്നങ്ങളാല്‍ പരിപാടി ആസ്വദിക്കാനും സാധിച്ചിരുന്നില്ല. 2000 രൂപ മുതല്‍ 10000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്.
എന്നാല്‍ വേദിയുടെ സ്ഥലപരിമിതി പരിഗണിക്കാതെ സംഘാടകര്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റെന്ന പരാതിയുമുണ്ട്. തിരക്കില്‍ പെട്ട ആരാധകര്‍ എക്സിലൂടെ എ ആര്‍ റഹ്മാനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. റഹ്മാൻ പണം തിരികെ നല്‍കണമെന്നും ടിക്കറ്റ് എടുത്തവര്‍ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ പരിപാടി വൻ വിജയമാണെന്നാണ് സംഘാടകരുടെ അവകാശവാദം.