ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന പദവി സ്വന്തമാക്കി ദളപതി വിജയ്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ പിന്നിലാക്കിയാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. 250 കോടി രൂപയായിരുന്നു ഷാരൂഖിന്റെ പേരിലുള്ള റെക്കോർഡ് പ്രതിഫലത്തുക. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലമാണ് നിലവിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.അതേസമയം ദളപതി 69 ന്റെ അപ്ഡേറ്റ് നാളെ വരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ദി ലവ് ഓഫ് ദളപതി എന്ന പേരിൽ ഒരു വീഡിയോയ്‌ക്കൊപ്പമാണ് അണിയറപ്രവർത്തകർ അനൗൺസ്‌മെന്റ് വിശേഷം പങ്കുവെച്ചിരിക്കുന്നത്.എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിനായി 275 കോടി രൂപയോളമാണ് വിജയ് വാങ്ങുക എന്നും റിപ്പോർട്ടുണ്ട്.
വാർത്തകൾ ശരിയെങ്കിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള നിലവിലെ റെക്കോർഡ് അവസാന ചിത്രത്തിലൂടെ വിജയ് മറികടക്കും.ദളപതി 69 എന്നു പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിൽ സിമ്രാൻ നായികയാകുമെന്ന റിപ്പോട്ടുകളുണ്ട്. ഇത് സ്ഥിരീകരിച്ചാല്‍ 22 വർഷങ്ങൾക്ക് ശേഷമായിരിക്കും ഇരുവരും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 1997 ൽ പുറത്തിറങ്ങിയ വൺസ് മോർ എന്ന സിനിമയിലാണ് വിജയ്‍യും സിമ്രാനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നാലെ തുളളാത മനവും തുളളും, പ്രിയമാനവളെ തുടങ്ങിയ ഹിറ്റ് സിനിമകളിലും ഇരുവരും ജോഡികളായെത്തിയിരുന്നു. കൂടാതെ വിജയ്‌യുടെ യൂത്ത് എന്ന സിനിമയിൽ ഒരു ഗാനത്തിലും സിമ്രാൻ പ്രത്യക്ഷപ്പെട്ടിരുന്നു.
സിമ്രാന് പുറമെ മലയാളത്തിന്റെ യുവനടി മമിത ബൈജുവും ദളപതി 69ൽ പ്രധാന വേഷത്തിൽ എത്തിയേക്കാം. സിനിമയിൽ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് റിപ്പോർട്ട്.