ഹൈദരാബാദ്∙ തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത നൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകനാണ് ജാനി. ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല സെറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നാണു കേസ്.
കഴിഞ്ഞ ദിവസമാണു തെലങ്കാനയിലെ റായ് ദുർഗെ പൊലീസ് സ്റ്റേഷനിലെത്തി യുവതി (21) പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ ഇവർക്ക് 16 വയസ്സു മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മർദനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു.
ചെന്നൈയിലും മുംബൈയിലുമുള്ള ഔട്ട്ഡോർ ഷൂട്ടിങ് ലൊക്കേഷനുകളിൽ വച്ചാണ് പീഡനം നടന്നതെന്നാണു പെൺകുട്ടി പരാതിയിൽ പറയുന്നത്. ഹൈദരാബാദിലെ നർസിംഗിയിലെ തന്റെ വീട്ടിൽ വച്ചും പീഡനം നടന്നെന്നു പെൺകുട്ടി ആരോപിച്ചു. തെലുങ്കു സിനിമയിലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യം രൂക്ഷമായിരിക്കുന്നതിനിടെയാണ് ജാനി മാസ്റ്റർക്ക് നേരെ ആരോപണം ഉയർന്നിരിക്കുന്നത്.