ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രം ദേവരയുടെ പ്രീ റിലീസ് ഇവന്റ് റദ്ദാക്കിയതിനെ തുടർന്ന് അക്രമാസക്തരായി എന്‍ടിആര്‍ ആരാധകര്‍. പരിപാടി നടക്കേണ്ടിയിരുന്ന വേദി നടന്റെ ആരാധകർ അടിച്ചുതകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൈദരാബാദിൽ നടക്കേണ്ടിയിരുന്ന പരിപാടി അളവിൽ കൂടുതൽ ജനക്കൂട്ടം എത്തിയതിനാലാണ് റദ്ദാക്കപ്പെട്ടത്.ജൂനിയർ എൻടിആർ ഉൾപ്പടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. എന്നാൽ വേദിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. ഇതേതുടർന്ന് പരിപാടി റദ്ദാക്കുകയും മുഖ്യാതിഥിയായിരുന്ന സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് മടങ്ങുകയുമുണ്ടായി. പിന്നാലെയാണ് എൻടിആർ ആരാധകർ അക്രമാസക്തരാവുകയും വേദിയിലെ കസേരകളും മറ്റുമൊക്കെ അടിച്ചുതകർക്കുകയും ചെയ്തത്.
ഈ മാസം 27നാണ് ദേവര റിലീസ് ചെയ്യുന്നത്. കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.