ചെന്നൈ:തമിഴ് നടന്‍ അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ഫര്‍സാന എന്ന നഴ്‌സാണ് അജിത്തിന്റെ വീടിന് മുന്നില്‍ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
അജിത്തും ശാലിനിയും കാരണം തന്റെ ജോലി നഷ്ടമായെന്നാണ് യുവതിയുടെ ആരോപണം. യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ദേഹത്ത് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
തെയ്‌നാംപേട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ഫര്‍സാന ജോലി ചെയ്തിരുന്നത്. 2020ല്‍ അവിടേക്ക് അജിത്തും ശാലിനിയും വന്നപ്പോള്‍ ഇരുവര്‍ക്കുമൊപ്പം നിന്ന് ഫര്‍സാന വീഡിയോ എടുത്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ ജോലി സ്ഥലത്തെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ച് ഫര്‍സാനയെ ജോലിയില്‍ നിന്ന് പുറത്താക്കി. ഇതേത്തുടര്‍ന്ന് ജോലി തിരികെ കിട്ടാന്‍ സഹായമഭ്യര്‍ഥിച്ച് ഫര്‍സാന ശാലിനിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂലമായ മറുപടി ലഭിച്ചില്ല.
ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തി. താരത്തിന്റെ വീടിന് സുരക്ഷ നല്‍കുന്ന പൊലീസുകാര്‍ ഇവരെ തടഞ്ഞ് സമാധാനപ്പെടുത്തി മടക്കി അയക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം അജിത്താണെന്നും തനിക്ക് അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവര്‍ ഉറക്കെ കരയുകയും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ അപകടം ഒഴിവാക്കാനായി. യുവതിയ്ക്ക് കൗണ്‍സിലിങ് നല്‍കി കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.