Thursday, October 17, 2024

HomeCinemaനല്ല സിനിമ ചരിത്രത്തിൻ്റെ അടയാളങ്ങളുള്ള സാംസ്കാരിക നിർമ്മിതികളാണ്:പ്രേംകുമാർ

നല്ല സിനിമ ചരിത്രത്തിൻ്റെ അടയാളങ്ങളുള്ള സാംസ്കാരിക നിർമ്മിതികളാണ്:പ്രേംകുമാർ

spot_img
spot_img

( ഫിൽക ഫിലിം ഫെസ്റ്റിവൽ. സെപ്റ്റംബർ . പ്രത്യയ ശാസ്ത്രത്തിൻ്റെ ചരിത്രപാഠ ചലച്ചിത്ര അദ്ധ്യായങ്ങൾ . റോസ ലക്സംബർഗ് – ജർമ്മനി , മെമ്മറീസ് ഓഫ് അണ്ടർ ഡവലപ്മെൻ്റ് – ക്യൂബ , ആഷസ് ആൻഡ് ഡയമണ്ട്സ് – പോളണ്ട് , ഇലക്‌ട്രാ മൈ ലവ് – ഹംഗറി,
മുഖാമുഖം – കേരള – ഇന്ത്യ എന്നീ
5 സിനിമകളാണ് പ്രദർശിപ്പിച്ചത്.
ഉദ്ഘാടന പ്രസംഗ ത്തിൽ നിന്ന്. )

ലോകസിനിമയെ കുറിച്ചുള്ള ആദ്യ അറിവിന്റെ വെളിച്ചം എനിക്ക് പകർന്നു നൽകിയത് വിജയകൃഷ്ണൻ സാറിനെ പോലെയുള്ള മഹത് വ്യക്തിത്വങ്ങളാണ്. അദ്ദേഹത്തിന്റെ ‘ചലച്ചിത്ര സമീക്ഷ’ പോലെയുള്ള ചലച്ചിത്രത്തെ പറ്റിയുള്ള ആധികാരിക ഗ്രന്ഥങ്ങൾ വായിച്ചു കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ നിന്നാണ് ലോക ക്ലാസിക്കുകളെ കുറിച്ചൊക്കെയുള്ള ഒരു പൊതുധാരണ എന്നിൽ ഉണ്ടായത്.

ഞാൻ സ്കൂൾ ഓഫ് ഡ്രാമയിൽ ബി ടി എ ബിരുദത്തിനു പഠിക്കുമ്പോൾ, അന്നവിടെ ലൈബ്രറിയിൽ ഉണ്ടായിരുന്ന വിജയകൃഷ്ണൻ സാറിന്റെ അടക്കമുള്ള സിനിമ സംബന്ധിയായ പല പുസ്തകങ്ങൾ വായിക്കുകയും സിനിമയോട് ഒരു പ്രത്യേക ആഭിമുഖ്യം ഉണ്ടാവുകയും ചെയ്തത് ഞാൻ ഓർക്കുന്നു.

ഇന്നിവിടെ പ്രദർശിപ്പിക്കുന്ന അഞ്ച് സിനിമകളും ഇരുപതാം നൂറ്റാണ്ടിലെ പല നിർണായക രാഷ്ട്രീയ ഘട്ടങ്ങളായി വന്നിട്ടുള്ള ഏറ്റവും ലോകപ്രശസ്തമായ സിനിമകളായിട്ടാണ് ഞാൻ കാണുന്നത്. അവയുടെ സൗന്ദര്യശാസ്ത്രപരമായിട്ടുള്ളതും പ്രത്യയശാസ്ത്രപരമായിട്ടുള്ളതുമായ കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

പത്രങ്ങൾ പോലെയുള്ള അച്ചടി മാധ്യമങ്ങളിൽ നിന്ന് തുടങ്ങി റേഡിയോ, സിനിമ, ടെലിവിഷൻ, സോഷ്യൽ മീഡിയ വരെ എത്തി നിൽക്കുന്ന മാധ്യമങ്ങളുടെ വികാസ പരിണാമ ഘട്ടങ്ങളുടെ ചരിത്ര വഴികളിൽ ആവിർഭവിച്ച ‘റോസാ ലക്‌സംബർഗ്ഗ്’ പോലെയുള്ള ശ്രദ്ധേയമായ സിനിമകളാണ് ഇവിടെ പ്രദർശിപ്പിക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്.

കല എന്നു പറയുന്നത് മനുഷ്യന്റെ സങ്കീർണമായ വികാരങ്ങളുടെയും മാനസിക വ്യാപാരങ്ങളുടെയും തലങ്ങളുടെയും പ്രതിഫലനമാണ്. ഭാവനയും ബുദ്ധിയും യുക്തിയും തുടങ്ങി മനുഷ്യന്റെ സർവ്വതിന്റെയും പ്രതിഫലനവുമാണ് കല.

മനുഷ്യന്റെ സ്വത്വത്തിന്റെ പ്രതിഫലനമായാണ് അത് രൂപപ്പെടുന്നത്. അതുകൊണ്ടു തന്നെ സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും പ്രത്യയശാസ്ത്രത്തെ കുറിച്ചും ചർച്ച ചെയ്യുമ്പോൾ അവയൊക്കെ അടിസ്ഥാനമാക്കുന്നത് മനുഷ്യനെ തന്നെയാണ്. മനുഷ്യന്റെ സമഗ്രതയിൽ ഊന്നി കൊണ്ടുള്ള ചർച്ചകൾ മാത്രമേ ഇവിടെ പ്രസക്തമാവുകയുള്ളൂ.

മുഖാമുഖം എന്ന സിനിമയെ കുറിച്ച് പറയുമ്പോൾ അതിലെ നായക കഥാപാത്രമായ ശ്രീധരനെ പല തലങ്ങളിൽ, പലതരത്തിൽ വ്യാഖ്യാനിക്കാനാവുന്നതാണ്. ആ മനുഷ്യന്റെ മനസ്സിലുള്ള പല തരത്തിലുള്ള സംഘർഷങ്ങളെയും നമുക്ക് അതിൽ കാണാൻ പറ്റും. ആ മനുഷ്യന്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഉണ്ടാവുന്ന നിശബ്ദതയ്ക്ക് പോലും പല മാനങ്ങളും തലങ്ങളും നമ്മൾക്ക് വ്യാഖ്യാനിച്ചെടുക്കാൻ സാധിക്കും.

എന്നാൽ നമ്മുടെ കേരളത്തിൽ അത് വ്യാഖ്യാനിച്ച രീതിയിലല്ല റഷ്യയിൽ നടന്ന ഫെസ്റ്റിവലിൽ ആ സിനിമ കണ്ടവർ വ്യാഖ്യാനിച്ചെടുത്തത്. ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റ് സിനിമയായി അവരതിനെ വിലയിരുത്തിയപ്പോൾ ഇവിടെ അതിനെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമയായി അതിനെ ചിത്രീകരിക്കുകയുണ്ടായി.

നമ്മുടെയൊക്കെ സെൻസിബിലിറ്റിയുടെ പ്രതിഫലനമായിട്ടാണ് അതിനെ കാണേണ്ടത്. അതേ സമയം അവർ മറ്റൊരു തലത്തിൽ നിന്ന് ചിന്തിക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള ഏറ്റവും മികച്ച പഠനമായി അതിനെ വിലയിരുത്തുകയും ചെയ്തു . റഷ്യയിൽ ചലച്ചിത്രങ്ങൾ വളരെയധികം ആഴത്തിലും പരപ്പിലും വിലയിരുത്തപ്പെടുന്നുണ്ട് എന്ന് നാം കാണണം.

ഒരു ഓട്ട് കമ്പനിയിൽ ഒരു സമരം നടക്കുമ്പോൾ അതിന്റെ നേതൃസ്ഥാനത്തേക്ക് ആദർശശാലിയായ ശ്രീധരൻ എന്നയാൾ വരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിൽ കമ്പനിയുടെ ഉടമയായ മുതലാളി കൊല്ലപ്പെടുന്നു. ആ സമരത്തിൽ പങ്കെടുത്തവർ ഒളിവിൽ പോകുന്ന കൂട്ടത്തിൽ ശ്രീധരനും ഒളിവിൽ പോകുന്നു. തുടർന്ന് ശ്രീധരൻ മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് പോലും അറിയാത്ത ഒരു സന്നിഗ്ദ്ധഘട്ടത്തിൽ സിനിമ എത്തുന്നു. പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന പ്രവർത്തകരെ നിരാശയപ്പെടുത്തിക്കൊണ്ട് പ്രസ്ഥാനം രണ്ടു ചേരികളായി പിരിയുന്നു. അതിൽ ഏതു ചേരിയിൽ നിൽക്കണമെന്ന് സംശയം ജനിപ്പിക്കുന്ന സംഘർഷാവസ്ഥ , അതിൽ വിശ്വസിച്ച ഓരോ മനുഷ്യരിലും സമൂഹത്തിലും ഉടലെടുക്കുന്ന അവസ്ഥ ഉണ്ടാകുന്നു.
ആ അവസ്ഥയിൽ ശ്രീധരൻ ഉണ്ടായിരുന്നുവെങ്കിൽ വിചാരിക്കുന്നവർ ശ്രീധരന് വേണ്ടി ഒരു സ്മാരകം ഉണ്ടാക്കുന്നു.

വർഷങ്ങൾക്കു ശേഷം മരിച്ചുവെന്ന് കരുതിയിരുന്ന ശ്രീധരൻ തിരികെ വരുന്നു. എന്നാൽ അയാൾ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് പരിപൂർണ്ണ നിശബ്ദനാണ്. ആ നീണ്ട മൗനത്തിന്റെ ഒട്ടേറെ അർത്ഥതലങ്ങൾ നമുക്ക് വായിച്ചെടുക്കുവാൻ പറ്റുന്ന തരത്തിലുള്ള ഒരു ചലച്ചിത്ര ഭാഷ അടൂർ സാർ ഒരുക്കി എന്നുള്ളതാണ് ആ ചലച്ചിത്രം ലോകമൊട്ടാകെ അത്രമേൽ ചർച്ച ചെയ്യപ്പെടുവാൻ ഇടയാക്കിയത്.

ഇവിടെ ആ സിനിമ കാര്യമായി സ്വീകരിക്കപ്പെടുകയോ, ചർച്ച ചെയ്യപ്പെടുകയോ ചെയ്യാതിരുന്നുവെങ്കിലും ലോക സിനിമയുടെ തലങ്ങളിൽ അത് ഒരു ക്ലാസിക് ആയി തന്നെയാണ് കരുതപ്പെടുന്നത്.

സിനിമയുടെ പ്രത്യയശാസ്ത്രത്തെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുമ്പോൾ നമ്മൾക്ക് അത് ഒരു വലിയ റഫറൻസ് ആയി തന്നെ എടുക്കാവുന്നതാണ്. മലയാള സിനിമയിൽ തന്നെ ഇത്തരത്തിൽ ഒരു ചിത്രം സൃഷ്ടിക്കപ്പെട്ടു എന്നുള്ള കാര്യം നമുക്ക് വളരെയേറെ അഭിമാനം നൽകുന്ന വസ്തുതയാണ്. വർഷങ്ങൾക്കുശേഷം ഇതുപോലെ ഒരു ഫെസ്റ്റിവൽ ഇത് വീണ്ടും പ്രദർശിപ്പിക്കപ്പെടുമ്പോൾ, ലോകക്ലാസിക് സിനിമകളുടെ ഒരു ഫെസ്റ്റിവൽ എന്ന നിലയിൽ ഈ ഫെസ്റ്റിവലിനെ തന്നെ അത് അർത്ഥവത്താക്കുന്നു.

ഒരു കാലത്ത് രാജവാഴ്ചയും ഫ്യൂഡൽ വ്യവസ്ഥിതിയും ഉള്ളപ്പോൾ
, കൊളോണിയൽ സാമ്രാജ്യത്വ വ്യവസ്ഥിതികൾ വരികയും, പിന്നീട് ജനാധിപത്യ വ്യവസ്ഥയിലേക്കും മാറുകയും ചെയ്തപ്പോൾ മനുഷ്യനും അവന്റെ ജീവിതവും ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി. ആ മാറ്റങ്ങളൊക്കെ രേഖപ്പെടുത്തിയ സിനിമകളാണ് ലോകസിനിമകളായി മാറി.

സിനിമ എന്നത് ഒരു വിനോദോപാധിയായി മാത്രം കാണുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചുമതലയിലേക്ക് ഞാൻ വന്നതിനു ശേഷം കച്ചവട സിനിമയുടെ ഭാഗമായി നിൽക്കുന്ന ഒരാൾ അക്കാദമിയുടെ തലപ്പത്തേക്ക് വന്നത്
ഉചിതമായോ എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

ഞാൻ സിനിമയിലേക്ക് വന്നത് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ/ആർട്ട് സിനിമകൾ ഒരുക്കിയ പി. എ . ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന സിനിമയിലൂടെയാണ്. മലയാളത്തിൽ അധികം രാഷ്ട്രീയ സിനിമകൾ ഉണ്ടായിട്ടില്ല. എങ്കിലും പി. എ. ബക്കർ തന്നെ സംവിധാനം ചെയ്ത കബനീ നദി ചുവന്നപ്പോൾ തുടങ്ങിയ ചില നല്ല സിനിമകളും ഉണ്ടായിട്ടുണ്ട്. കബനീ നദി ചുവന്നപ്പോൾ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത രാഷട്രീയ സിനിമയായിരുന്നു സഖാവ് എന്ന ചിത്രം.

കേരളത്തിലെ ഏറ്റവും പ്രശസ്തനായ കമ്മ്യൂണിസ്റ്റുകാരനായ പി. കൃഷ്ണപിള്ളയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയ, സഖാവ് വിപ്ലവത്തിന്റെ ശുഭ്രനക്ഷത്രം എന്ന സിനിമയായിരുന്നു അത്.

സഖാവ് പി. കൃഷ്ണപിള്ളയെ ജോസഫ് മുണ്ടശ്ശേരി സാർ വിശേഷിപ്പിച്ചതാണ് വിപ്ലവത്തിന്റെ ശുഭ്ര നക്ഷത്രം എന്നത്. അങ്ങനെയുള്ള സഖാവിന്റെ റോൾ ആ സിനിമയിൽ ചെയ്തു കൊണ്ടായിരുന്നു എന്റെ തുടക്കം.

നിർഭാഗ്യം എന്നു പറയട്ടെ ഷൂട്ടിംഗ് പൂർത്തിയായിട്ട് പോലും നിർമ്മാതാക്കൾ നേരിട്ട ചില സാമ്പത്തിക പ്രതിസന്ധികൾ കൊണ്ട് ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ആർട്ട് സിനിമകളുടെ വക്താക്കൾ എന്ന് പറയപ്പെടുന്നവർ ആദ്യ സിനിമ പുറത്തിറങ്ങാത്ത ആൾ എന്ന നിലയിൽ രാശിയില്ലാത്ത നടൻ എന്നു പറഞ്ഞ് എന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്.

എക്കാലത്തും നന്മയുള്ള നല്ല കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാൻ. എന്റെ പഠനകാലത്ത് ഞാൻ അഭിനയിച്ചിരുന്ന നാടകങ്ങളും അത്തരത്തിലുള്ളവയായിരുന്നു. ലോക ക്ലാസിക്കുകളായിരുന്ന ഒഥല്ലോ, മാക്ക്ബത്ത്, ഈഡിപ്പസ്സ് തുടങ്ങിയ നാടകങ്ങൾ ചെയ്തുള്ള അറിവും കലാ ദർശനവും കലാബോധവും ഉള്ള ഒരു കലാകാരൻ ആയിട്ടായിരുന്നു എന്റെ തുടക്കം.

കൊമേഴ്സ്യൽ സിനിമയുടെ ഭാഗമായതോടു കൂടി ആർട് സിനിമയുടെ വക്താക്കളായിട്ടുള്ളവർ എന്നെ പരിഗണിക്കാൻ തയ്യാറായില്ല.

ഒരു നടനെന്ന നിലയിലുള്ള എന്റെ കലാപരമായിട്ടുള്ള പരിധികൾ അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, സിനിമകളിൽ ആഴത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് പറ്റുമായിരുന്നു. അത് സംഭവിച്ചില്ല എന്ന കാര്യത്തിൽ എനിക്ക് വളരെ ഏറെ നിരാശയുണ്ട്.

സഖാവ് എന്ന ചിത്രത്തിന്റെ റഷസ്സ് കണ്ടതിനു ശേഷം ടി.വി. ചന്ദ്രൻ സാറും ഞാൻ അരവിന്ദേട്ടൻ എന്ന് വിളിക്കുന്ന ജി. അരവിന്ദനും കെ. ജി. ജോർജ്ജ് സാറും ഒക്കെ അതിലെ അഭിനയത്തെപ്പറ്റി വളരെയേറെ നല്ല അഭിപ്രായങ്ങൾ പറയുകയും മറ്റുള്ളവരോട് പറയുകയും ഒക്കെ ചെയ്തത് ഓർക്കുന്നു. പിൽക്കാലത്ത് ലംബോ എന്ന ടെലി സീരിയലിലെ ലംബോ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് തന്നപ്പോൾ, അവാർഡ് കമ്മിറ്റിയിലെ ജൂറി ചെയർമാൻ കെ.ജി. ജോർജ് സാറായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞത് , സഖാവ് എന്ന സിനിമയുടെ റഷസ് കണ്ടപ്പോൾ എന്റെ അഭിനയത്തിന്റെ റേഞ്ച് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ലംബോയിലെ അഭിനയത്തിന്റെ സവിശേഷതകൾ വിലയിരുത്തുകയും ചെയ്തതു കൊണ്ടാണ് ഏറ്റവും നല്ല നടനായി
തിരഞ്ഞെടുത്തത് എന്നാണ്. അന്ന് എനിക്കു വേണ്ടി അദ്ദേഹം വാദിക്കുക പോലും ഉണ്ടായി.

ദൈവത്തിന്റെ അവകാശികൾ എന്ന എന്റെ കലാ ദർശനങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള പുസ്തകം അഞ്ചാം പതിപ്പിലേക്ക് കടക്കുകയാണ്. ആ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അടൂർ ഗോപാലകൃഷ്ണൻ സാർ പറഞ്ഞത് അതിലെ ദർശനങ്ങൾ തന്നെ അത്ഭുതപ്പെടുത്തി എന്നാണ്.

ഇതൊന്നു പോലും ഒരു മേന്മയായിട്ടല്ല ഞാൻ പറയുന്നത്. ഇപ്പോഴത്തെ ‘സോക്കോൾഡ്’ ആർട്ട് സിനിമാവക്താക്കൾ , ഞാൻ ആർട്ട് സിനിമകളുടെ ഭാഗമായില്ല എന്ന് പറഞ്ഞുകൊണ്ട് എന്നെ
തരംതാഴ്ത്തി കാണിക്കാൻ ശ്രമിച്ചതു കൊണ്ടാണ് , ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആൾ എന്ന നിലയിൽ ഇങ്ങനെ ഒരു വിശദീകരണം നൽകേണ്ടി വന്നത്.

കച്ചവട സിനിമയുടെ ഭാഗമായത് അതിനെ ഒരു ഉപജീവനമാർഗ്ഗമായിട്ട് കണ്ടതു കൊണ്ടാണ്. നൂറ്റിയൻപതോളം സിനിമകളുടെ ഭാഗമാകുകയും അവയിൽ പലതും സാമ്പത്തിക വിജയം നേടുകയും ചെയ്തിട്ടുണ്ട്.

സിനിമ കലയാണ് ഒപ്പം വ്യവസായവുമാണ്. ഒട്ടേറെ മനുഷ്യരുടെ ഉപജീവനമാർഗ്ഗം കൂടിയാണ് കച്ചവട സിനിമ. ഇത്തരമൊരു ഇൻഡസ്ട്രി നിലനിൽക്കണം എന്നുണ്ടെങ്കിൽ ഒപ്പം ജനപ്രിയങ്ങളായ സിനിമകൾ കൂടി ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ കച്ചവട സിനിമയെ പൂർണമായി നിഷേധിച്ചുകൊണ്ട് ആർട്ട് സിനിമയ്ക്ക് മാത്രമായി ഇവിടെ നിലനിൽക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.

കെ.ജി. ജോർജ് സാറിനെ പോലെയും പത്മരാജൻ സാറിനെയും പോലെയുള്ളവർ കലാമൂല്യമുള്ള അതേസമയം ജനപ്രിയമായ രീതിയിൽ കലയെയും കച്ചവടത്തെയും സമന്വയിപ്പിച്ചു കൊണ്ട് മികച്ച മധ്യവർത്തി സിനിമകളെ വാർത്തെടുക്കുകയും സിനിമ നിലനിൽക്കാൻ കലയോടൊപ്പം കച്ചവടവും വേണമെന്നുള്ള വസ്തുത തെളിയിക്കുകയും ചെയ്തിട്ടുള്ളവരാണ്.

ഏറ്റവും മികച്ച കലാമൂല്യമുള്ള കലാ സിനിമകൾ ഉണ്ടാവണം . ഒപ്പം ജനപ്രിയ സിനിമകളും ഉണ്ടാകണം . ഇത് രണ്ടും കൂടി ചേർന്ന മധ്യവർത്തി സിനിമകളും ഉണ്ടാകണം . അതിന്റെ ഒപ്പം സമാന്തര സിനിമകളും ഉണ്ടാകണം. ഇതെല്ലാം കൂടി ഉണ്ടെങ്കിൽ മാത്രമാണ് ഒരു ബാലൻസിങ് ഉണ്ടാവുക.

കച്ചവട സിനിമകളിൽ കൂടുതൽ പ്രവർത്തിച്ചു പോയതുകൊണ്ട് അയോഗ്യനാക്കി മാറ്റുക എന്ന രീതി നല്ലതല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഏറ്റവും മികച്ച സിനിമ എന്നു പറയുന്നത് ഏറ്റവും മികച്ച അനുഭവമുണ്ടാക്കുന്ന സിനിമകൾ ആണെന്ന് ഞാൻ പറയും. സിനിമകൾ അവയെ കാണുന്ന പ്രേക്ഷകരിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവയായിരിക്കണം.

നമ്മൾ ഒരു നല്ല പുസ്തകം വായിക്കുകയോ ഒരു നല്ല സിനിമ കാണുകയോ ചെയ്യുമ്പോൾ അത് വായിക്കുന്നതിന് മുൻപും കാണുന്നതിനു മുൻപുമുള്ള വ്യക്തി ആയിരിക്കില്ല നമ്മൾ. അതൊരു മികച്ച പുസ്തകം ആണെങ്കിലും ഒരു മികച്ച കലാസൃഷ്ടി കൂടി
ആണെങ്കിൽ അത് നമ്മെ ഒരുപാട് പ്രവർത്തനങ്ങൾക്ക് വിധേയരാക്കും.

കല ഒരു കേവല വിനോദോപാധി എന്നതിൽ കവിഞ്ഞ് ഒരു സാമൂഹിക പരിവർത്തനോപാധി കൂടിയായെങ്കിൽ മാത്രമേ അതിന്റെ അർത്ഥം അല്ലെങ്കിൽ ദൗത്യം പൂർണമാകൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സിനിമയുടെ ചരിത്രം പരിശോധിച്ചാൽ അതിന്റെ ആദ്യകാലങ്ങളിൽ ചലിക്കുന്ന കുറെ ചിത്രങ്ങൾ കാണുന്ന കൗതുകം കലർന്ന വിനോദമായിരുന്നു എന്നതൊഴിച്ചാൽ കല എന്ന തലത്തിലേക്ക് അത് വളർന്നിട്ടുണ്ടായിരുന്നില്ല.

സിനിമ ഒരു കലയാണെന്ന് തിരിച്ചറിയുകയും അത് ആധികാരികമായി പ്രഖ്യാപിക്കുകയും ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ നേതാവാണ് ലെനിൻ എന്നാണ് ഞാൻ കരുതുന്നത്. സിനിമ ഈസ് ദ മോസ്റ്റ് ഇംപോർട്ടന്റ് ആർട്ട് ഫോർ അസ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. സിനിമ എന്ന കലയുടെ അപാരമായ സാധ്യതകളെ തിരിച്ചറിഞ്ഞ് മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ ഇത്രയും പറ്റിയ ഒരു മാധ്യമം വേറെ ഇല്ല എന്ന് അതിശക്തമായി പ്രഖ്യാപിച്ച ഒരു മഹത് വ്യക്തിത്വമാണ് അദ്ദേഹം എന്ന് ഇതു കൊണ്ട് നമുക്ക് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ ഭാര്യയാണ് പിൽക്കാലത്ത് സോവ്യറ്റ് യൂണിയനിൽ സിനിമയെ ഉദ്ധരിക്കുന്ന ചുമതല ഏറ്റെടുത്ത് മുന്നിൽ നിന്ന് പ്രവർത്തിച്ചത്. അടിസ്ഥാനവർഗത്തിന്റെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ, തൊഴിലാളികളുടെയൊക്കെ സംഘാടനത്തിനു വേണ്ടിയും അവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയും അതിനോടൊപ്പം കമ്മ്യൂണിസ്റ്റ് ദർശനങ്ങളെയും ചിന്തകളെയും വ്യാപകമായ പ്രചരിപ്പിക്കുന്നതിന് വേണ്ടിയും സിനിമ എന്ന മഹാകലയെ ശക്തവും യുക്തവുമായി ഉപയോഗിച്ചു എന്ന് കാണാം. ഇതോടൊപ്പം പുരോഗതിക്കു വേണ്ടിയുള്ള ആശയങ്ങളും ശാസ്ത്രബോധവും യുക്തി ബോധവുമൊക്കെ പ്രചരിപ്പിക്കാനായും എന്നാൽ വെറും പ്രൊപ്പഗാണ്ട സിനിമയുടെ തലത്തിൽ മാത്രം ഒതുങ്ങാതെ ഏറ്റവും മികച്ച കലാസൃഷ്ടികൾ ആയിട്ടുതന്നെ അവയെ പുറത്തു കൊണ്ടുവരാനുമുള്ള ഏറ്റവും നല്ല ഉപാധിയായും, മാധ്യമമായും സിനിമയെ മാറ്റാനും അത്തരം സിനിമകൾക്ക് വലിയ രീതിയിലുള്ള പ്രചാരം നൽകാനും ലെനിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സോവിയറ്റ് യൂണിയൻ ഗവൺമെന്റിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പുറത്ത് ഹിറ്റ്‌ലറും ഹിറ്റ്ലറിനെ പോലെയുള്ളവരും സമഗ്രാധിപത്യത്തിന്റെ ആശയങ്ങളിലൂടെ മനുഷ്യനെ അടിച്ചമർത്താൻ വേണ്ടി വംശഹത്യയും വർഗീയതയും പ്രോത്സാഹിപ്പിക്കുന്ന ചില ആശയങ്ങളും ദർശനങ്ങളും സിനിമ എന്ന മാധ്യമം വഴി തന്നെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്.

ഇങ്ങനെ സിനിമയുടെ പലതരം സാധ്യതകളെ ഉപയോഗിക്കാൻ പല തരത്തിലുള്ള ശ്രമങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നും അന്നുണ്ടായിട്ടുണ്ട്. ചില പ്രതിലോമകരമായ പ്രവർത്തനങ്ങൾക്ക് പോലും ഈ മാധ്യമം ഉപയോഗിക്കാൻ കഴിയും എന്ന് അവർ തിരിച്ചറിഞ്ഞു എന്നുള്ളതാണ് സത്യം. അത് ഇന്നും തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ലോകത്തിൽ മനുഷ്യരെ അത്രയധികം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു മാധ്യമത്തിന്റെ പേരും നമുക്ക് എടുത്തു പറയാൻ കഴിയില്ല .

ലോകത്തിൽ എവിടെയും മനുഷ്യന്റെ അടിസ്ഥാനസ്വഭാവം ഒരുപോലെയാണ്. അവന്റെ പ്രണയമായാലും രതിയായാലും നിരാശയായാലും സങ്കടങ്ങൾ ആയാലും സന്തോഷമായാലും ഭക്തിയായാലും അവന്റെ എല്ലാ ഭാവങ്ങളും , ലോകത്തിൽ എവിടെയായാലും ഏതാണ്ട് സമാനമാണ്. അതുകൊണ്ടാണ് ലോകത്തിലെ ഏതു ഭാഷയിലും ഉഉണ്ടാകുന്ന ഏതൊരു സിനിമയും, അതൊരു മികച്ച സിനിമയാണെങ്കിൽ, അതുണ്ടാക്കപ്പെട്ട ദേശത്തിന്റെ ഭാഷയും അതിർവരമ്പുകളുമൊക്കെ കടന്ന് പോകുന്നതും, മറ്റെവിടെയുമുള്ള ഏതൊരു മനുഷ്യരുമായും സംവദിക്കാനുള്ള ശക്തി അതിനുണ്ടാകുന്നതും മനുഷ്യന്റെ അടിസ്ഥാന ഭാവങ്ങൾ സമാനമായതു കൊണ്ടു മാത്രമാണ്.

സിനിമയ്ക്ക് ഒരു ഭാഷയുണ്ട്. സിനിമയിൽ കഥാപാത്രങ്ങൾ സംസാരിക്കുന്ന ഭാഷയെ കുറിച്ചല്ല ഞാൻ പറയുന്നത്. ഓരോ സിനിമയ്ക്കും ആ സിനിമ കാഴ്ച വെയ്ക്കുന്ന ഒരു ഭാഷയുണ്ട്. ആ ഭാഷ ഒരു യൂണിവേഴ്സൽ ലാംഗ്വേജ് ആണ്. അത് വികാരങ്ങളുടെ ഭാഷയാണ്. ആ ഭാഷയ്ക്ക് മനുഷ്യ മനസ്സിനെ വല്ലാതെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. മനുഷ്യന്റെ മനസ്സിനെ വശീകരിക്കാൻ അതിന് കഴിവുള്ളതു കൊണ്ടാണ് അതിന് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് ഞാൻ പറഞ്ഞത്.

മനുഷ്യനെ നല്ല ഒരു മനുഷ്യനാക്കി മാറ്റുക എന്നതായിരിക്കണം കലയുടെയും സിനിമയുടെയും ആത്യന്തിക ലക്ഷ്യം എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നല്ല സിനിമ മാനവികതയുടെ ചിന്തകൾ ഉള്ള ഒരു നല്ല മനുഷ്യനായി നമ്മെ രൂപാന്തരപ്പെടുത്തും. ഈ ലോകത്ത് തന്നെ കുറച്ചുകൂടി സുന്ദരമായി കാണാൻ അതു നമ്മെ പ്രേരിപ്പിക്കും. സ്നേഹം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ സംസ്കാരം എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുവരെ കാണാത്ത ഒരു വീക്ഷണ കോണിലൂടെ കാണുവാൻ അത് നമ്മെ പ്രേരിപ്പിക്കും. ലോകത്തെ മനുഷ്യരെ കൂടുതൽ സ്നേഹിക്കുവാൻ അത് നമ്മെ പ്രേരിപ്പിക്കും. എല്ലാം സ്നേഹത്തിൽ അധിഷ്ഠിതമാണ്. മനുഷ്യരെ മാത്രമല്ല സഹജീവികളെയും സ്നേഹിക്കാൻ ഒരു നല്ല സിനിമ നമ്മെ പ്രേരിപ്പിക്കും.

ഈ ലോകത്തെ മുഴുവൻ ഓരോ സിനിമയിലൂടെയും നാം അറിയുകയാണ്. ഇവിടെ ഇപ്പോൾ കാണിക്കുന്ന അഞ്ചു സിനിമകളുടെയും രാഷ്ട്രീയമോ, തത്വശാസ്ത്രമോ, പ്രത്യയശാസ്ത്രമോ മാത്രമല്ല നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഓരോ സിനിമയും അടയാളപ്പെടുത്തുന്നത് ആ സിനിമ നിർമ്മിക്കപ്പെട്ട സ്ഥലത്തെ ഭാഷ, സംസ്കാരം, ജീവിതങ്ങൾ, ജീവിത രീതികൾ, അവിടുത്തെ രാഷ്ട്രീയം തുടങ്ങി അവിടുത്തെ സർവ്വ സവിശേഷതകളും ആ സിനിമയിൽ ആലേഖനം ചെയ്യപ്പെടുകയാണ്.

ആ മനുഷ്യജീവിതങ്ങളിൽ ഒരുപക്ഷേ യുദ്ധങ്ങളോ, സാമ്രാജ്യങ്ങളുടെ അധിനിവേശങ്ങളോ ഒക്കെ വരുത്തിവെച്ച വലിയ ആഘാതങ്ങൾ, അതനുഭവിക്കുന്ന മനുഷ്യരുടെ വലിയ സംഘർഷങ്ങൾ തുടങ്ങിയവയെല്ലാം അനാവരണം ചെയ്യുകയാണ് ഓരോ സിനിമയും ചെയ്യുന്നത്.

ആ അർത്ഥത്തിൽ ഓരോ സിനിമയും ചരിത്രത്തിന്റെ അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സാംസ്കാരിക നിർമ്മിതികളായി നമുക്ക് വിലയിരുത്തേണ്ടതുണ്ട്.

അല്ലാതെ അവയെയൊക്കെ വെറും വിനോദോപാധിയായി കണ്ട്, ചർച്ച ചെയ്തു കളയേണ്ടതല്ല. അത് വരും കാലങ്ങളിലേക്ക് കരുതി വയ്ക്കാവുന്നതാണ്. ലോകചരിത്രത്തിന്റെ പ്രയാണത്തിൽ അതിന്റെ ഏറ്റവും നല്ല ആധികാരികമായ രേഖപ്പെടുത്തലായി, സാംസ്കാരിക നിധിയായി , സൂക്ഷിച്ചു വയ്ക്കാവുന്നതാണ് ഈ ഓരോ സിനിമയും. അത്രയ്ക്കും പ്രസക്തി ഓരോ സിനിമയ്ക്കുമുണ്ട് എന്ന് നാം തിരിച്ചറിയണം.

ഇത്തരം സിനിമകൾ കാണിക്കുന്ന ഈ വേദിയിൽ സിനിമയെപ്പറ്റി വളരെ ആധികാരികമായി സംസാരിക്കാൻ കഴിവുള്ള സാബു ശങ്കർ, വിജയകൃഷ്ണൻ സാർ, ഈയിടെ ഒരു നാടകത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ഗിരിജ സുരേന്ദ്രൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ജയചന്ദ്രൻ കല്ലിങ്കൽ, ഫിൽക്ക പ്രസിഡൻ്റ് ഡോ. രാധാകൃഷ്ണൻ സാർ തുടങ്ങിയവരുടെയൊക്കെ സാന്നിധ്യത്തിൽ എനിക്കും ഒരു സാന്നിധ്യം ആകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments