ഈ വർഷം ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഉള്ളൊഴുക്ക്’. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരം ഉർവശിക്ക് ലഭിച്ചിരുന്നു.
ഇപ്പോഴിതാ, ഉള്ളൊഴുക്ക് സിനിമയ്ക്ക് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ സന്തോഷവാർത്ത സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങളുടെ തിരക്കഥകളാണ് ഓസ്കർ ലൈബ്രറിയിൽ സൂക്ഷിക്കാറുള്ളത്. ഇത് ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും പഠനവിധേയമാക്കാം. ഉള്ളൊഴുക്കിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ലൈബ്രറിക്ക് സമർപ്പിച്ചത്. ഇതിന് മുമ്പ് ഓസ്കർ ലൈബ്രറിയിൽ ഇടംപിടിച്ച മറ്റൊരു മലയാള ചിത്രം ഷാജി എൻ. കരുണന്റെ വാനപ്രസ്ഥമാണ്.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ‘കറി ആൻഡ് സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമായിരുന്നു ‘ഉള്ളൊഴുക്ക്’. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തിയത്.