താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയെന്ന് തുറന്നുപറഞ്ഞ് നടി അര്‍ച്ചന കവി. ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങി, മലയാളികള്‍ക്ക് സുപരിചിതയായ അര്‍ച്ചന കവി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് തന്റെ വിഷാദരോഗത്തെക്കുറിച്ചു തുറന്നുപറഞ്ഞുകൊണ്ടാണ്.
പ്രിമെന്‍സ്ട്രുവല്‍ ഡയസ്‌ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു എനിക്ക്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ മൂഡ് മാറ്റങ്ങളാണ് പ്രധാന രോഗലക്ഷണം. ഒരു മാസത്തില്‍ 15 ദിവസത്തോളമൊക്കെ ഞാന്‍ ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ട്.
എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കുതന്നെ മനസ്സിലായില്ല. കളിയും ചിരിയുമായി നടന്ന ഞാന്‍ പെട്ടെന്നൊരു ദിവസം വല്ലാതെ വിഷാദവും സങ്കടവും ദേഷ്യവുമൊക്കെയായി പൊട്ടിത്തകര്‍ന്നുപോകുന്നപോലെ. പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും തോന്നി. നാലു വര്‍ഷത്തോളമായി എനിക്ക് ഈ മാനസിക പ്രശ്‌നം തുടങ്ങിയിട്ട്. മൂന്നു വര്‍ഷത്തോളം ചികിത്സ തേടി. ഇപ്പോള്‍ എനിക്ക് എന്റെമേലുള്ള നിയന്ത്രണം ഏതാണ്ടു തിരിച്ചുകിട്ടി. അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കാന്‍ ധൈര്യപ്പെടുന്നത്.
ചിലപ്പോള്‍ ലൊക്കേഷനിലും എന്റെ പെരുമാറ്റങ്ങളില്‍ അസ്വഭാവികത തോന്നിയിരിക്കണം. അത് എന്നേക്കാള്‍ നന്നായി മറ്റുള്ളവര്‍ക്കാണ് പറയാന്‍ കഴിയുക. ചിലപ്പോള്‍ സീനെടുക്കാന്‍ നേരത്ത് കഥാപാത്രമായി മാറാന്‍ കഴിയാതെ വന്നിട്ടുണ്ട്. ചിലപ്പോള്‍ ഓവര്‍ ആക്ട് ചെയ്തിട്ടുണ്ട്. മറ്റാരോടും മിണ്ടാതെ മാറിയിരുന്നിട്ടുണ്ട്. ജാഡയെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചത് എന്റെ മനോരോഗത്തെ ആയിരുന്നു.
മനസ്സ് പതുക്കെപ്പതുക്കെ അതിന്റെ സ്വാഭാവികതയിലേക്കു തിരിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ഒരു മെന്റല്‍ ഹെല്‍ത്ത് ക്യാംപെയ്ന്‍ തുടങ്ങണമെന്നുണ്ട്.
മനോരോഗം മറച്ചുവയ്‌ക്കേണ്ടതല്ലെന്ന ബോധ്യം മറ്റെല്ലാവരിലും ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു. ചികിത്സിച്ചാല്‍ ഭേദമാകാവുന്ന ഒരു മാനസിക പ്രശ്‌നത്തിന്റെ പേരില്‍ നമ്മള്‍ എന്തിന് നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷങ്ങള്‍ ഇല്ലാതാക്കണം.
മാനസികാരോഗ്യ ബോധവല്‍ക്കരണവുമായി സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ് ഇപ്പോള്‍ അര്‍ച്ചന.