മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ പരാതിയുമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍. ശില്‍പ്പയും ഭര്‍ത്താവും അടക്കമുള്ളവര്‍ ചേര്‍ന്ന് 1.51 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ബിസിനസുകാരനായ നിതിന്‍ ബാരായ് നല്‍കിയ പരാതിയെ തുടര്‍ന്ന് ബന്ദ്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
2014ല്‍ നിതിന്‍ ബാരായ് നടത്തിയ ഒരു നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരാതി. എസ്.എഫ്.എല്‍ ഫിറ്റ്‌നസ് കമ്പനി ഡയറക്ടര്‍ കാശിഫ് ഖാന്‍, ശില്‍പ്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ ചേര്‍ന്ന് ലാഭം നേടുന്നതിനായി 1.51 കോടി രൂപ നിതിനോട് നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടു.
എസ്.എഫ്.എല്‍ ഫിറ്റ്‌നസ് കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി തനിക്ക് നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നതായും പുണെ കൊറേഗാവിലും ഹഡപ്‌സറിലും ഒരു ജിമ്മും സ്പായും തുറക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ഇവര്‍ ഇതുവരെ വാക്കുപാലിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
നിക്ഷേപവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തട്ടിപ്പ്, ക്രിമിനല്‍ ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണം.
നേരത്തേ, നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. നിലവില്‍ ജാമ്യത്തിലാണ് രാജ് കുന്ദ്ര. ജൂലൈ 19നാണ് രാജ് കുന്ദ്രയെ നീലചിത്ര നിര്‍മാണ വിതരണ കേസില്‍ അറസ്റ്റ് ചെയ്തത്. കുന്ദ്രയെ കൂടാതെ കേസില്‍ 11 പേരെയും അറസ്റ്റ് ചെയ്തിരുന്നു.