ന്യൂഡല്‍ഹി : തന്റെ വിവാദ പരാമര്‍ശത്തിലുറച്ച് നടി കങ്കണ റണൗട്ട്. രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര സേനാനികളെയും അനാദരിച്ചെന്ന് തെളിയിച്ചാല്‍ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുമെന്ന് അവര്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ലാണ് ഇന്ത്യയ്ക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ല്‍ കിട്ടിയത് ‘ഭിക്ഷ’യാണെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ജോധ്പുരില്‍ മഹിളാ കോണ്‍ഗ്രസ് കങ്കണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. ജയ്പുര്‍, ചൂരു, ഉദയ്പുര്‍ എന്നിവിടങ്ങളിലും സമാന പരാതി നല്‍കിയിട്ടുണ്ട്. കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടു.
കങ്കണയ്ക്കു നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ച ഒരാള്‍ക്ക് പത്മശ്രീ നല്‍കിയതു നിര്‍ഭാഗ്യകരമാണെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. പത്മശ്രീ സ്വീകരിച്ചതിന്റെ പിറ്റേന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.
കങ്കണ വിദ്വേഷത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്റെ മകന്‍ തുഷാര്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, ഡല്‍ഹി നേതാവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ തുടങ്ങി ഒട്ടേറെ ബിജെപി നേതാക്കളും കങ്കണയുടെ പരാമര്‍ശത്തെ അപലപിച്ചു.