മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് പിന്നാലെ ‘കിങ് ഖാന്’ ഷാരൂഖ് ഖാനും ഭീഷണി കോള്‍.
സല്മാന് ഖാന് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി കോള്‍ ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാനും ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടത്തിയ പൊലീസ് സംഘം റായ്പൂരിലെത്തി.
ഫൈസാന്‍ ഖാന് എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോചനദ്രവ്യമായി പണം നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മോചനദ്രവ്യമായി 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സല്‍മാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നു തവണയാണ് സല്മാന് ഖാന് ഭീഷണി സന്ദേശം ലഭിച്ചത്.
ഷാരൂഖ് ഖാനെതിരെയുള്ള ഭീഷണി കോള്‍ സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.