‘ഉലകനായകന്‍’ എന്ന പേരു വേണ്ടെന്നു വയ്ക്കാന്‍ കമല്‍ഹാസന്‍. കലാകാരന്‍ കലയേക്കാള്‍ വാഴ്ത്തപ്പെടാന്‍ പാടില്ലെന്ന നടന്റെ വിശ്വാസമാണ് ഇതിനു പിന്നില്‍. ഇനി മുതല്‍ തന്നെ കമല്‍ഹാസനെന്നോ കെ എച്ച് എന്നോ മാധ്യമങ്ങളും ആരാധകരും സഹപ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളും വിശേഷിപ്പിക്കണമെന്ന് അറിയിച്ച് നടന്‍ പത്രക്കുറിപ്പ് പുറത്തിറക്കി.
കമല്‍ഹാസന്റെ പത്രക്കുറിപ്പ് താഴെ കൊടുക്കുന്നു:
”വണക്കം, എന്നെ ‘ഉലകനായകന്‍’ പോലെയുള്ള പേരുകള്‍ വിളിക്കുന്നതില്‍ എനിക്ക് എന്നെന്നും നിങ്ങളോട് ആഴത്തിലുള്ള കൃതജ്ഞത തോന്നാറുണ്ട്. പ്രിയപ്പെട്ടവരും ബഹുമാന്യരായ സഹപ്രവര്‍ത്തകരും ആരാധകരും നല്‍കിയ അത്തരം അംഗീകാരങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു, നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം എന്നെ ഇപ്പോഴും വിനയാന്വിതനാക്കുകയും ഞാന്‍ ഒരുപാട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്.
സിനിമ എന്ന കല ഒരു വ്യക്തിയില്‍ മാത്രം ചുറ്റപ്പെട്ടു നില്‍ക്കുന്നതല്ല, ആ മഹത്തായ കലയുടെ ഒരു വിദ്യാര്‍ഥി മാത്രമായ ഞാന്‍ എന്നേക്കും എന്നെത്തന്നെ പരിഷ്‌കരിക്കാനും പഠിക്കാനും വളരാനും ആഗ്രഹിക്കുന്നു. മറ്റേതൊരു സര്‍ഗാത്മക ആവിഷ്‌കാര രൂപത്തെയും പോലെ സിനിമയും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും സഹകരണമാണ് മനുഷ്യരാശിയുടെ വൈവിധ്യമാര്‍ന്നതും സമ്പന്നവും എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ കഥകളുടെ യഥാര്‍ഥ പ്രതിഫലനമായി സിനിമയെ മാറ്റുന്നത്.
കലാകാരന്‍ കലയേക്കാള്‍ വാഴ്ത്തപ്പെടാന്‍ പാടില്ലെന്നാണ് എന്റെ എളിയ വിശ്വാസം. എന്റെ അപൂര്‍ണതകളെക്കുറിച്ചും എന്നെ മെച്ചപ്പെടുത്താനുള്ള എന്റെ പ്രയത്‌നങ്ങളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഒരുപാട് ഗഹനമായ മനനത്തിനു ശേഷം ‘ഉലകനായകന്‍’ പോലെയുള്ള ശീര്‍ഷകങ്ങളോ വിശേഷണങ്ങളോ ഇനി വേണ്ട എന്ന് തീരുമാനിക്കാനും അത് മാന്യമായി നിരസിക്കാനും ഞാന്‍ നിര്‍ബന്ധിതനാവുകയാണ്.
എന്റെ എല്ലാ ആരാധകരും, മാധ്യമങ്ങളും, സിനിമാ സാമുദായിക അംഗങ്ങളും, പാര്‍ട്ടി കേഡറും, ഇന്ത്യയിലെ സഹോദരീസഹോദരന്മാരും ഇനിമുതല്‍ എന്നെ കമല്‍ഹാസന്‍ എന്നോ കമല്‍ എന്നോ കെഎച്ച് എന്നോ മാത്രം വിളിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
കാലങ്ങളായി നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനും ആത്മാര്‍ഥതയ്ക്കും നന്ദി. സിനിമയെന്ന മനോഹരമായ ഈ കലാരൂപത്തിനു മുന്നില്‍ എല്ലാവരും സമന്മാരായിരിക്കണമെന്നും നമുക്കിടയില്‍ വലിപ്പച്ചെറുപ്പങ്ങള്‍ ഉണ്ടായിരിക്കരുതെന്നുമുള്ള എന്റെ വിനയപൂര്‍വമായ ആഗ്രഹമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. എന്റെ വേരുകളോടും ലക്ഷ്യങ്ങളോടും വിശ്വസ്തത പുലര്‍ത്താനും നിങ്ങളുടെ സ്‌നേഹത്തിന് ഇനിയും പാത്രമാകാനും ഞാന്‍ ആഗ്രഹിക്കുന്നു.
എന്നെന്നും നിങ്ങളുടെമാത്രം കമലഹാസന്‍.”