Wednesday, April 2, 2025

HomeCinemaഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംഗീതജ്ഞന്‍; ഒരു പാട്ടിന് വാങ്ങുന്നത് 8 മുതല്‍ 10 കോടിരൂപ; എആര്‍...

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംഗീതജ്ഞന്‍; ഒരു പാട്ടിന് വാങ്ങുന്നത് 8 മുതല്‍ 10 കോടിരൂപ; എആര്‍ റഹ്‌മാന്റെ ആസ്തി

spot_img
spot_img

ലോകം കണ്ട മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് എആര്‍ റഹ്‌മാന്‍. ഓസ്‌കാര്‍ ജേതാവുകൂടിയായ അദ്ദേഹത്തെ ‘മദ്രാസിന്റെ മൊസാര്‍ട്ട്’ എന്നാണ് വിശേഷിപ്പിക്കുന്നത്. 30 വര്‍ഷമായി സംഗീതമേഖലയില്‍ സജീവമായി നില്‍ക്കുന്ന എആര്‍ റഹ്‌മാന്റെ ആസ്തിയെപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. ആയിരം കോടിയിലധികം ആസ്തിയുള്ള സംഗീതജ്ഞനാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തന്റെ പതിനൊന്നാമത്തെ വയസിലാണ് അദ്ദേഹം സംഗീതലോകത്തേക്ക് എത്തിയത്. ഗായകരായ സാക്കിര്‍ ഹുസൈന്‍, കുന്നുക്കുടി വൈദ്യനാഥന്‍, എല്‍.

ശങ്കര്‍ എന്നിവരോടൊപ്പം ലോകപര്യടനം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. 1992ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘റോജ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതോടെ ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി എആര്‍ റഹ്‌മാന്‍ മാറി. വൈകാതെ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 30 വര്‍ഷത്തെ സംഗീതയാത്രയില്‍ 2000ലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം പകര്‍ന്നത്.

നിലവില്‍ 1748 കോടിരൂപയുടെ ആസ്തിയുള്ള എആര്‍ റഹ്‌മാനാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംഗീതജ്ഞന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു പാട്ടിന് 8 മുതല്‍ പത്ത് കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. തത്സമയ സംഗീതപരിപാടികള്‍ക്ക് 1 മുതല്‍ 2 കോടി രൂപ വരെയും അദ്ദേഹം വാങ്ങുന്നുണ്ട്.

ഇന്ത്യയില്‍ മാത്രമൊതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രശസ്തി. ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനും ഗായകനുമാണ് എആര്‍ റഹ്‌മാന്‍. 2009ല്‍ പുറത്തിറങ്ങിയ ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആഗോളപ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചു. ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം 29 വര്‍ഷം നീണ്ട തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വെളിപ്പെടുത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

1995ലായിരുന്നു എആര്‍ റഹ്‌മാന്റെയും സൈറയുടെയും വിവാഹം. മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. ഖദീജ, റഹീമ, അമീന്‍ എന്നിവരാണ് മക്കള്‍. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് എആര്‍ റഹ്‌മാനും ഭാര്യ സൈറയും തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കാര്യം അറിയിച്ചത്.

മാതാപിതാക്കളുടെ വിവാഹമോചനത്തില്‍ പ്രതികരിച്ച് മക്കളായ എആര്‍ അമീനും ഖദീജയും റഹീമയും രംഗത്തെത്തിയിരുന്നു. അമീന്‍ ആണ് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ടുള്ള സമീപനം എല്ലാവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നായിരുന്നു അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

തങ്ങളുടെ കുടുംബം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നാണ് റഹീമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. റഹീമയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

‘ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പരിഗണന നല്‍കിയതിന് നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണം,’ എന്നാണ് റഹീമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാനും രംഗത്തെത്തി. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാത്തിനും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ത്ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, റഹ്‌മാന്‍ എക്സില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments