കൊച്ചി: സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ഉടൻ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന രാത്രി 11 മണി വരെ നീണ്ടിരുന്നു.
മഞ്ഞുമൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു ആദായ നികുതി വകുപ്പിന്റെ അന്വേഷണം. പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. പറവ ഫിലിംസ് യഥാർത്ഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. സിനിമ വിതരണ നിർമാണ കമ്പിനികളിൽ പരിശോധന തുടരുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.